സാമ്പത്തിക ക്രമക്കേട് ആരോപണം വസ്തുതാവിരുദ്ധം: ഐ.എന്‍.എല്‍
കണ്ണൂര്‍: ഐ.എന്‍.എല്‍ നേതാക്കള്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്ന സേട്ട് സാഹിബ് സാംസ്കാരിക വേദി പ്രസിഡന്റ് അഷ്റഫ് പുറവൂരിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി താജുദ്ദീന് മട്ടന്നൂര്‍.
ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്കാരിക കേന്ദ്രം പണിയുന്നതിന് വേണ്ടി 14 ജില്ലകളിലും ഐ.എന്‍.എല്‍ പണപ്പിരിവ് നടത്തിയത് സത്യമാണ്. മറ്റ് ജില്ലകളിലെല്ലാം കൃത്യമായി കണക്ക് ബോധ്യപ്പെടുത്തിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ അന്ന് അഷറഫ് പുറവൂര് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയത്. ആ കണക്ക് അദ്ദേഹം അവതരിപ്പിച്ചിരുന്നില്ല.
ജില്ലയില്‍ നിന്നു 11 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത് മൂന്നു ലക്ഷം രൂപയാണ്. ബാക്കി തുകയുടെ കണക്ക് അഷ്റഫ് പുറവൂരാണ് വ്യക്തമാക്കേണ്ടത്. ഈ കണക്കിനെകുറിച്ച് വ്യക്തത വരുത്താതെയും റസീറ്റ് ബുക്ക് തിരിച്ചേല്പ്പിക്കാതെയുമാണ് പാര്‍ട്ടിക്ക് പുറത്തുപോയത്. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കാന്‍ ആലോചനയുണ്ട്. ഇപ്പോഴും ഐ.എന്‍.എല്ലിന്റെ പേരില്‍ പണപ്പിരിവ് ഇയാള്‍ നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സാമ്പത്തിക പ്രയാസം കാരണം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്കാരിക കേന്ദ്രം മുമ്പ് ഐ.എന്‍.എല്‍ വിഭാവനം ചെയ്ത രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും കേന്ദ്രം കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികളായ വി.കെ ഉമ്മര്‍ക്കുട്ടി, പി.വി മുത്തലിബ്, പി.കെ മൂസ, ഷാഹിദ് തയ്യില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."