തടഞ്ഞുവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒരാഴ്ചക്കകം മടക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എം.ബി.ബി.എസ് പാസായ വിദ്യാര്‍ഥികളുടെ തടഞ്ഞുവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് അധികൃതര്‍ ഒരാഴ്ചയ്ക്കകം തിരികെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കിയതായി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ, സര്‍ട്ടിഫിക്കറ്റുകളും എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റും ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകളുമാണ് തടഞ്ഞുവച്ചിരിക്കുന്നത്.
മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്ന സ്ഥാപനത്തില്‍ ഒരു വര്‍ഷം സേവനം നിഷ്‌കര്‍ഷിച്ചിട്ടുള്ള ബോണ്ട് തെറ്റായി വ്യാഖ്യാനിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വച്ചിരിക്കുന്നത്. സ്വപ്രയത്‌നത്താല്‍ കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്നതിന് കോളജുകള്‍ക്ക് നിയമപരമായ അധികാരമില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. മെച്ചപ്പെട്ട തൊഴിലിനും ഉപരിപഠനത്തിനും വിവിധ സ്ഥലങ്ങളില്‍ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചാല്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉത്തരവാദിയായിരിക്കുമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കിയതായി ആരോഗ്യസര്‍വകലാശാലയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. 34 ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.
കേസ് നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."