സമ്മേളനത്തില്‍ അവഗണിക്കപ്പെട്ടെങ്കിലും താരമായത് വി.എസ്
കൊച്ചി: സി.പി.എം സംഘടിപ്പിച്ച ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് അവഗണന. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന അംഗമായ വി.എസിന്റെ സാന്നിധ്യം വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സദസിന്റെ ശ്രദ്ധയില്‍പ്പെടുത്തുക പോലും ചെയ്യാതിരുന്ന സംഘാടകരുടെ നടപടിയില്‍ അമര്‍ഷത്തോടെ പുറത്തേക്കിറങ്ങിയ വി.എസ് സമ്മേളനത്തേക്കാള്‍ പ്രാധാന്യത്തോടെ വാര്‍ത്തകളില്‍ ഇടംനേടിയാണ് നഗരി വിട്ടത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രസംഗങ്ങള്‍ക്കിടയിലും താരമായി മാറിയത് വി.എസ് ആയിരുന്നു. വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായി നിലനില്‍ക്കെ മാധ്യമങ്ങളോട് അകലം പാലിച്ചുകൊണ്ട് കടന്നുപോയ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനായി വി.എസ് തന്റെ നിലപാട് വ്യക്തമാക്കിയത് നേതൃത്വത്തിനെതിരേ താക്കീതായി മാറി. അഴിമതി ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതിലെ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കിയത്.
സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ പങ്കെടുക്കാന്‍ എത്തിയ വി.എസ് സദസിന്റെ മുന്‍നിരയില്‍ തന്നെയാണ് ഇരുന്നിരുന്നത്.
വേദിയിലേക്ക് സംഘാടകര്‍ ക്ഷണിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതപ്രസംഗത്തിലും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നന്ദി പറഞ്ഞപ്പോഴും വി.എസിന്റെ സാന്നിധ്യം പരാമര്‍ശിച്ചുപോലുമില്ല.
സമ്മേളനപ്രതിനിധിയല്ലാത്തതിനാലാണ് വി.എസിനെ പരിചയപ്പെടുത്താതിരുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."