കശ്മിര്‍ കലാപം: വിഘടനവാദി നേതാവ് ഷബിര്‍ഷാ പണം കൈപ്പറ്റിയെന്ന് കുറ്റപത്രം
ന്യൂഡല്‍ഹി: കശ്മിര്‍ വിഘടന വാദി നേതാവ് ഷബിര്‍ ഷായ്‌ക്കെതിരായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തുദഅ്‌വ തലവന്‍ ഹാഫിസ് സഈദില്‍ നിന്ന് കശ്മിരില്‍ കലാപം നടത്താന്‍ പണം കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കശ്മിര്‍ വിഷയവുമായി ബന്ധപ്പെട്ട് ഹാഫിസ് സഈദ് ഷബിര്‍ ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നു. 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഹാഫിസ് സഈദ്.
കശ്മിരില്‍ കലാപമുണ്ടാക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക് പണം എത്തിച്ചുനല്‍കാന്‍ പാക് ഭീകര സംഘടനയില്‍ നിന്ന് ഷാ പണം കൈപ്പറ്റിയിട്ടുണ്ട്. പണം കൈപ്പറ്റുന്നതില്‍ ഷായുടെ ഭാര്യ ഡോ. ബല്‍ക്കീസിനും പങ്കുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് അസ്‌ലം വാനിയെ ചോദ്യം ചെയ്തപ്പോഴാണ് ഷബിര്‍ഷായുടെ പങ്ക് വ്യക്തമായത്. പാകിസ്താനില്‍ നിന്ന് ഹവാല ഇടപാടിലൂടെയാണ് കശ്മിരിലേക്ക് പണം എത്തിയിരുന്നത്.
ഷബിര്‍ഷാ തനിക്ക് ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നു. ഇദ്ദേഹം പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ പ്രാദേശിക തലത്തില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപ വരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം 2.25 കോടി രൂപ ഷബിര്‍ ഷാ നല്‍കിയിരുന്നതായി മുഹമ്മദ് അസ്‌ലം മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് മുഹമ്മദ് അസ്‌ലം അറസ്റ്റിലാകുന്നത്. ജൂലൈ 25നാണ് ഷബിര്‍ ഷാ ശ്രീനഗറില്‍ അറസ്റ്റിലാകുന്നത്.
ഷബിര്‍ഷാ അടക്കമുള്ള നിരവധി ഹുര്‍റിയത്ത് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഷബിര്‍ഷാ അടക്കമുള്ളവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."