സഊദി 87-ാം ദേശീയദിനം സമുചിതമായി ആഘോഷിച്ചു
റിയാദ്: സഊദിയുടെ 87-ാം ദേശീയദിനം സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ക്കു കീഴില്‍ വിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെയും ചിത്രങ്ങളും ദേശീയപതാകകളും കൊണ്ടു നഗരങ്ങളും പാതയോരങ്ങളും അലങ്കരിച്ചിരുന്നു. പ്രവിശ്യാ ഗവര്‍ണറേറ്റുകള്‍ക്കു കീഴില്‍ കരിമരുന്നു പ്രദര്‍ശനങ്ങളും വ്യോമാഭ്യാസ പ്രകടങ്ങളും നടന്നു.
സഊദിയുടെ അടിസ്ഥാന മൂല്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അതു മുറുകെപ്പിടിച്ചു തന്നെ രാജ്യം വികസന കുതിപ്പ് തുടരുമെന്നും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദേശീയ ദിനാഘോഷ സന്ദേശത്തില്‍ പ്രസ്താവിച്ചു. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചു വികസനങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാകും ഇക്കാര്യങ്ങള്‍ നടപ്പാക്കുക. ഇതില്‍ ഒരു വിട്ടുവീഴ്ചയും നല്‍കില്ല. പുണ്യനഗരികളുടെ പരിചരണവും തീര്‍ഥാടകരുടെ പരിചരണവും രാജ്യത്തിന്റെ മുഖമുദ്രയാണ്. ഇതിനായി രാജ്യത്തിന്റെ സര്‍വശേഷിയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ പ്രവാസികളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രക്തദാനം നടത്തിയും മറ്റുമായാണു വിവിധ സംഘടനകള്‍ ദേശീയദിനാഘോഷത്തില്‍ പങ്കാളികളായത്. രാജ്യത്തെ 17 പട്ടണങ്ങളിലാണു ദേശീയ ദിനാഘോഷ പരിപാടികള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."