ഓടുന്ന കാറില്‍ പീഡനം: പരാതി വ്യാജമെന്ന് യുവതി
നോയിഡ: ഓടുന്ന കാറില്‍ തന്നെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ച് നല്കിയ പരാതി വ്യാജമെന്ന് യുവതി. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് രേഖാ മൂലം എഴുതി നല്കിയ യുവതി പരാതി പിന്‍വലിക്കുകയും ചെയ്തു.
നോയിഡ ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനില്‍ നിന്ന് യുവതിയെ മൂന്നുപേരടങ്ങുന്ന സംഘം ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയെന്നും ഈ വാഹനത്തിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പൊലിസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. നോയിഡ സെക്ടര്‍ 39ല്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിരുന്നു. പീഡിപ്പിക്കപ്പെട്ടതായി യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലിസ് അന്വേഷണം നടത്തുകയും ചെയ്തു.
മെഡിക്കല്‍പരിശോധന നടത്തിയെങ്കിലും വിശദമായ പരിശോധനയ്ക്ക് യുവതി വിസമ്മതിച്ചു. പീഡനത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും യുവതി വിസമ്മതിച്ചു.
പിന്നീടാണ് യുവതി പൊലിസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും മാനസികമായ വിഷമം വന്നപ്പോള്‍ വെറുതെ പരാതി നല്‍കിയതാണെന്നും കേസില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നും യുവതി രേഖാമൂലം എഴുതി നല്‍കിയതായി നോയിഡ പൊലിസ് പി.ആര്.ഒ മനീഷ് സക്സേന വ്യക്തമാക്കി.
അതേസമയം യുവതി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ കാരണം ഭീഷണിയുടെ അടിസ്ഥാനത്തിലായിരിക്കാമെന്ന സംശയം പൊലിസ് ഉന്നയിക്കുന്നുണ്ട്. യുവതിക്ക് ഭീഷണിയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നോയിഡ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."