ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥികളുടെ സ്ഥിതി ഗുരുതരം: യു.എന്‍
ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യകളുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി. രാജ്യത്തെത്തിയ നാലുലക്ഷം കവിഞ്ഞ റോഹിംഗ്യകള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കാന്‍ അന്താരാഷ്ട്രതലത്തില്‍ വമ്പിച്ച സഹായമുണ്ടാകേണ്ടതുണ്ടെന്ന് ഏജന്‍സി ആവശ്യപ്പെട്ടു.
റോഹിംഗ്യ അഭയാര്‍ഥികള്‍ക്ക് തെക്കന്‍ ബംഗ്ലാദേശിലെ കോക്‌സ്ബസാറില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്യാംപുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. അവിടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം, മരുന്നുകള്‍ അടക്കം ഒന്നും അവര്‍ക്ക് ലഭ്യമല്ല. അവിശ്വസനീയമായ രംഗങ്ങളാണ് അവിടെ കാണാനായത്-യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ഇന്നലെ കോക്‌സ്ബസാറിലെ അഭയാര്‍ഥി ക്യാംപില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സംഘം സന്ദര്‍ശിച്ചിരുന്നു.
പ്രാദേശിക ജനങ്ങളുടെ സഹായം അവിശ്വസനീയമാം വിധം പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും ആവശ്യം പൂര്‍ത്തിയാകില്ല. അന്താരാഷ്ട്രതലത്തില്‍ വ്യാപകമായ സാമ്പത്തിക-വിഭവ സഹായങ്ങള്‍ അവിടേക്കെത്തേണ്ടതുണ്ടെന്നും ഗ്രാന്‍ഡി പറഞ്ഞു.
ഇന്നലെ വരെ മ്യാന്മറിലെ റാഖൈനില്‍നിന്ന് ബംഗ്ലാദേശിലെത്തിയ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ എണ്ണം 4,36,000 ആയതായി യു.എന്‍ ഏജന്‍സി അറിയിച്ചു. അഭയാര്‍ഥി പ്രവാഹം ഇനിയും അവസാനിച്ചിട്ടില്ലെന്നാണു വിവരം.
അതേസമയം, രാജ്യത്തുള്ള റോഹിംഗ്യകള്‍ക്ക് അഭയാര്‍ഥി പദവി നല്‍കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് വ്യവസായ മന്ത്രി അമീര്‍ ഹുസൈന്‍ ആമു പറഞ്ഞു. അവരെ സ്വന്തം നാടുകളിലേക്കു തിരിച്ചയക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."