പൊതു സോഫ്റ്റ്‌വെയര്‍; സഹകരണ വകുപ്പിന്റെ പൈലറ്റ് പദ്ധതി പാളി
തൊടുപുഴ: സംസ്ഥാന സഹകരണ വകുപ്പില്‍ അക്കൗണ്ടിങിന് പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതി പാളി. എറെ കൊട്ടിഘോഷിച്ച് പദ്ധതി നടപ്പാക്കിയപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന് പുറമെ വരവ് ചെലവ് കണക്ക് എഴുതിയുണ്ടാക്കി ഓഡിറ്റ് നടത്തേണ്ട ഗതികേടാണ് ഇപ്പോള്‍. ഐ.സി.ഡി.പി (ഇന്റഗ്രേറ്റഡ് കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ട്) പദ്ധതി പ്രകാരം ഓരോ ബാങ്കുകള്‍ക്കും 10 ലക്ഷം രൂപാ വീതം വായ്പ അനുവദിച്ചാണ് ഫിന്‍ക്രാഫ്റ്റ് എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്. ഇടുക്കി ജില്ലയിലാണ് പൈലറ്റ് പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കിയത്. എന്നാല്‍ പദ്ധതി പൂര്‍ണമായും പരാജയത്തിലാണെന്നാണ് വിലയിരുത്തല്‍.
എം.വി. ജയരാജന്‍ ചെയര്‍മാനായ പ്രൈമറി ബാങ്കിങ് മോഡനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം തള്ളിയാണ് ഫിന്‍ക്രാഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. 2018 ല്‍ കേരളാ ബാങ്ക് നിലവില്‍ വന്നതിന് ശേഷം ഇസ്റ്റാസ് സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രൈമറി ബാങ്കിങ് മോഡനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമാണ് തള്ളിയത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, പദ്ധതി നടത്തിപ്പ് ഹൈജാക്ക് ചെയ്‌തെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
കഴിഞ്ഞ ജൂലൈ 17 ന് ഇടുക്കി ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ പദ്ധതി നടത്തിപ്പിനായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്), അസി. രജിസ്ട്രാര്‍ (പ്ലാനിങ്) എന്നീ മൂന്ന് അംഗങ്ങളെ മാത്രമാണ് സഹകരണ വകുപ്പില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. ബാക്കി 12 അംഗങ്ങള്‍ ജില്ലാ ബാങ്കിന്റെ നോമിനികളാണ്. ഇതിനെതിരേ യോഗത്തില്‍ തന്നെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ സോഫ്റ്റ്‌വെയറുമായി മുന്നോട്ട് പോയാല്‍ സഹകരണ ചട്ടപ്രകാരമുള്ള ഷെഡ്യൂളുകള്‍ ലഭിക്കില്ലെന്ന് വിവിധ സഹകരണ ബാങ്ക ് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രജിസ്ട്രാര്‍ സോഫ്റ്റ്‌വെയറുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതുസംബന്ധിച്ച് പരാതിയുമായി ചില സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടിരുന്നു. കേരള ബാങ്ക ് രൂപീകരണത്തോടെ പുതിയ പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുമെന്നും അതിനാല്‍ ഇപ്പോള്‍ പഴയ നില തുടര്‍ന്നാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
ഇടുക്കിയിലെ 71 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 41 എണ്ണമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നത്. 41 ബാങ്കുകളുടെ 200 ശാഖകളില്‍ നിന്ന് പ്രതിമാസം 9500 രൂപാ വീതം എ.എം.സി (ആനുവല്‍ മെയ്ന്റനന്‍സ് ചാര്‍ജ്) ആയി ഈടാക്കുന്നുണ്ട്. 12 ശാഖകളുള്ള നെടുങ്കണ്ടം സഹകരണ ബാങ്കിന് നിലവില്‍ കോര്‍ ബാങ്കിങ് സംവിധാനമുണ്ടായിരുന്നു. എന്നിട്ടും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ മാത്രമാണ് എം.എം.സി ആയി ചെലവായിരുന്നത്. എന്നാല്‍ പുതിയ സോഫ്റ്റ്‌വെയര്‍ പ്രകാരം പ്രതിവര്‍ഷം ചെലവാകുന്നത് 12 ലക്ഷം രൂപയാണ്.
ഇത് ബാങ്കിനെ നഷ്ടത്തിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വയനാട് ജില്ലയില്‍ പെര്‍ഫെക്ട് എന്ന പൊതുസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചപ്പോള്‍ ആറുമാസംകൊണ്ട് 60 ശതമാനത്തോളം വിജയത്തിലെത്തിയതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ പൈലറ്റ് പദ്ധതി പരാജയത്തിലാണെന്ന് പറയാറായിട്ടില്ലെന്നും ഓഡിറ്റിങ് പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തമായ വിവരം ലഭ്യമാകുകയുള്ളൂവെന്നും സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക സുപ്രഭാതത്തോട് പറഞ്ഞു. ഇന്ന് ലഭ്യമായതില്‍ വച്ച് അതീവ സുരക്ഷ പുലര്‍ത്തുന്ന സോഫ്റ്റ്‌വെയറാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."