കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ഹരജി ഒക്ടോബര്‍ നാലിന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവും നടനുമായ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തന്നെയും അറസ്റ്റു ചെയ്യാന്‍ സാധ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന് നല്കിയ മുന്‍കൂര്‍ജാമ്യാപേക്ഷ സിംഗിള്‍ബെഞ്ച് തീര്‍പ്പാക്കി. എന്നാല്‍ ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബര്‍ നാലിനു പരിഗണിക്കാനായി മാറ്റി. കാവ്യ കേസില്‍ ഇതുവരെ പ്രതിയോ സാക്ഷിയോ അല്ലെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇതുവരെ കാവ്യക്കെതിരേ തെളിവുകളും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ഹൈക്കോടതി അറസ്റ്റ് ഭയക്കേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും വിലയിരുത്തിയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.
അറസ്റ്റിലായ സുനി, കേസിലെ മാഡം കാവ്യയാണെന്ന് പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കാവ്യ കോടതിയെ സമീപിച്ചത്.
ഈ കേസില്‍ നാദിര്‍ഷയുടെ പങ്കെന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്കി. ഇതു പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ഹരജി മാറ്റിയത്. നേരത്തെ പൊലിസിനു മുന്നില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷാ ഹാജരായിരുന്നു. പൊലിസ് ദിലീപിനെതിരേ മൊഴി നല്കാന് നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."