നാമനിര്‍ദേശ പത്രികയില്‍ ജയലളിതയുടെ വിരലടയാളം; തെര.കമ്മിഷന് ഹൈക്കോടതി നോട്ടിസ്
ചെന്നൈ: നിയമ സഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം പതിച്ചത് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി.
ജസ്റ്റിസ് പി. വേലുമുരുകനാണ് തെരഞ്ഞെടുപ്പുകമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഒക്ടോബര്‍ ആറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നത് എ.കെ ബോസായിരുന്നു. ഡോക്ടറുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് അവര്‍ മരിക്കുകയും ചെയ്തു. ഇതിനിടയിലാണ് മൂന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. മധുരക്കടുത്തുള്ള തിരുപ്പാരന്‍കുണ്‍ട്രം മണ്ഡലത്തില്‍ നിന്നാണ് എ.കെ ബോസ് മത്സരിച്ച് ജയിച്ചത്.
എതിര്‍ സ്ഥാനാര്‍ഥി ഡി.എം.കെയിലെ പി. ശരവണനായിരുന്നു. ബോസിന്റെ സ്ഥാനാര്‍ഥിത്വം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരവണന്‍ ഹൈക്കോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രികയുടെ സി. ഫോറത്തില്‍ പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ ജയലളിതയുടെ വിരലടയാളമാണ് പതിച്ചിരുന്നത്. എന്തുകൊണ്ട് ഒപ്പിടാതെ അവര്‍ വിരലടയാളം പതിച്ചുവെന്ന് ശരവണന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചോദിക്കുന്നു.
ശ്വസനനാള ശസ്ത്രക്രിയക്ക് വിധേയയാക്കിയ ജയയുടെ വലതുകൈ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ വിരലടയാളം വയ്ക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."