യുക്രൈനിലെ സൈനിക ആയുധശാലയില്‍ കനത്ത സ്‌ഫോടനം; 30,000 പേരെ ഒഴിപ്പിച്ചു
കീവ്: പശ്ചിമ യുക്രൈനിലെ സൈനിക ആയുധശാലയില്‍ കനത്ത സ്‌ഫോടനം. പ്രദേശത്തുനിന്ന് 30,000ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മേഖലയിലെ വിമാനസര്‍വിസുകളും നിര്‍ത്തലാക്കി. കഴിഞ്ഞ ദിവസം രാത്രി കാലിനിവ്ക മേഖലയിലെ സൈനിക കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. നാലു പാര്‍പ്പിട സമുച്ചയങ്ങള്‍ കത്തിനശിച്ചു. സ്‌ഫോടനം തീവ്രവാദികളുടെ അട്ടിമറി ശ്രമമാണെന്ന് സംശയിക്കുന്നതായി ഉക്രൈന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ ഗ്രോയിസ്മാന്‍ സൂചിപ്പിച്ചു. ആയുധശാലയിലെ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ആന്‍ഡ്രെ അഗ്യയേവ് പറഞ്ഞു.
എന്നാല്‍ തുടര്‍ സ്‌ഫോടനങ്ങള്‍ വീണ്ടും ഉണ്ടാകുന്നതായി അഗ്യയേവ് വ്യക്തമാക്കി. അതേസമയം അഗ്യയേവിനെ തിരുത്തി പ്രധാനമന്ത്രി രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നഗരത്തിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയും ഗ്യാസ് വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആയുധശാലയിലുണ്ടാകുന്ന നാലാമത്തെ സ്‌ഫോടനമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."