ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച ദുഷ്യന്ത് ദവെക്ക് ബാര്‍ കൗണ്‍സിലിന്റെ കാരണം കാണിക്കല്‍ നോട്ടിസ്
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് ജയന്ത് പാട്ടീലിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നല്‍കുന്ന കൊളീജിയത്തെ വിമര്‍ശിച്ചതിന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടിസ്.
നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് രാജ്യത്തെ അഭിഭാഷകരുടെ ഔദ്യോഗിക വേദിയും ഭരണഘടനാധികാരവുമുള്ള ബാര്‍കൗണ്‍സിലിന്റെ നോട്ടീസില്‍ പറയുന്നത്. ജസ്റ്റിസ് ജയന്ത് പാട്ടീലിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം എന്‍.ഡി.ടി.വി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് അധികാരമുള്ള കൊളീജിയം സംവിധാനത്തെ ദവെ വിമര്‍ശിച്ചത്. കൊളീജിയത്തിന്റെ അധികാരം പേരിനു മാത്രം എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍, ദവെയുടെ വിമര്‍ശനം അടിസ്ഥാനരഹിതവും ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി. ചീഫ് ജസ്റ്റിസിനു നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ അപമര്യാദയാണെന്നും നോട്ടീസില്‍ ആരോപിച്ചു. അര്‍ഹതയുണ്ടായിട്ടും മനപ്പൂര്‍വം തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനുള്ള അതൃപ്തിയെത്തുടര്‍ന്നാണ് ജസ്റ്റിസ് ജയന്ത് പാട്ടീല്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനക്കയറ്റം നല്‍കുന്നതിനുപകരം സ്ഥാനമാറ്റം നല്‍കിയതോടെയാണ് പാട്ടീല്‍ രാജിവച്ചത്. ഗുജറാത്ത് ജഡ്ജിയായിരിക്കെ ജയന്ത് പാട്ടീലാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സി.ബി.ഐക്കു വിട്ടത്. ഇതേതുടര്‍ന്നുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് പാട്ടീലിന്റെ സ്ഥാനക്കയറ്റം തടയപ്പെട്ടതെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍.ഡി.ടി.വി ചര്‍ച്ച. അമിത്ഷായെ പോലുള്ളവരെ സഹായിച്ച ജസ്റ്റിസ് സദാശിവത്തിനും ജസ്റ്റിസ് ചൗഹാനും ബഹുമതികള്‍ കിട്ടിയെന്നും ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറുത്തദിനങ്ങളാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കലിഖൊപുള്‍ ആത്മഹത്യാ കുറിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും സി.ബി.ഐ അന്വേഷണവും നേരിടുന്നുണ്ട്. അതിനാല്‍ കൊളീജിയം അധ്യക്ഷനായ ദീപക് മിശ്രയില്‍ നിന്നു കൂടുതല്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, കൊളീജിയത്തിലെ മറ്റു അംഗങ്ങളെ മാനിക്കുന്നുവെന്നുമായിരുന്നു ദവെയുടെ അഭിപ്രായപ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."