നിലപാട് കടുപ്പിച്ച് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ ആരോപണമുന്നയിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്ത്. സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്‍.ഡി.എ സര്‍ക്കാരിനാണെന്നും ഇക്കാര്യത്തില്‍ മുന്‍ യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ബി.ജെ.പി മാര്‍ഗനിര്‍ദേശക് മണ്ഡല്‍ അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ചത്.
മാന്ദ്യം പരിഹരിക്കാന്‍ എന്‍.ഡി.എക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. എന്നാല്‍, നമുക്കത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ബി.ജെ.പിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്ക് ഭയമാണ്. പാര്‍ട്ടിയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്ക് ഭയമാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ വേദികളില്ലാത്തതിനാലാണ് പത്രത്തില്‍ എഴുതേണ്ടിവന്നത്. സുപ്രധാനവിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും മോദി ഇതുവരെ തയാറായില്ല.
സാമ്പത്തികനില മോശമായ അവസ്ഥയില്‍ നോട്ട് നിരോധനംപോലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു. ആ പ്രതിസന്ധിയില്‍നിന്നു കരകയറുംമുന്‍പുതന്നെ ജി.എസ്.ടി കൂടി നടപ്പാക്കിയത് പ്രശ്‌നം ഗുരുതരമാക്കി. താന്‍ ജി.എസ്.ടിയെ പിന്തുണയ്ക്കുന്നു. എന്നാല്‍, ഇതു ധൃതിപിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം നടപ്പാക്കിയത് സാമ്പത്തിക മേഖലയ്ക്കുമേലുള്ള പ്രഹരമായിരുന്നു. അതിന്റെ രാഷ്ട്രീയവശത്തെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. രാഷ്ട്രീയമായ ശരികള്‍ സാമ്പത്തികമായി ശരിയാവണമെന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് തീരുമാനമെടുത്തത്. സജീവരാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്നു എന്നതിനര്‍ഥം, രാജ്യതാല്‍പ്പര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കില്ല എന്നല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസത്തെ തന്റെ ലേഖനത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങിനെയും പീയൂഷ് ഗോയലിനെയും അദ്ദേഹം കണക്കിനു പരിഹസിച്ചു. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് തന്നേക്കാള്‍ കൂടുതല്‍ അറിവ് അവര്‍ക്കുള്ളതിനാലാകാം അവര്‍ ഇപ്പോഴും ലോക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യ എന്ന് പ്രചരിപ്പിക്കുന്നതെന്ന് യശ്വന്ത് പറഞ്ഞു. ഇന്ത്യ വന്‍സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് യശ്വന്ത് സിന്‍ഹ കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ അദ്ദേഹം വീണ്ടും മുന്‍നിലപാടില്‍ ഉറച്ച് സര്‍ക്കാരിനെതിരേ കൂടുതല്‍ വിമര്‍ശനമുന്നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."