വിദ്യാഭ്യാസത്തിലും ജി.എസ്.ടി കൊള്ള
കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും വിഭ്യാഭ്യാസ രംഗത്തും ജി.എസ്.ടി കൊള്ള. മെഡിക്കല്‍, എന്‍ജിനീയറിങ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്കും പി.എസ്.സി, നെറ്റ് പോലുള്ള മത്സര പരീക്ഷയ്ക്കുമുള്ള പരിശീലനത്തിനായി സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരില്‍ നിന്നാണ് ഫീസിന്റെ 18 ശതമാനം ജി.എസ്.ടി ഇനത്തില്‍ ഈടാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയും തൊഴിലും ലക്ഷ്യമിട്ട് നിരവധി പേര്‍ ഇത്തരം പരിശീലന ക്ലാസുകളില്‍ പോകുന്നതിനാല്‍ വന്‍ തുകയാണ് ഈയിനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജി.എസ്.ടി ഇനത്തില്‍ ലഭിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഇത് ഏതെല്ലാം തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ബാധിക്കുകയെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്തെ പല കോച്ചിങ് സെന്ററുകളിലും ഫീസിനൊപ്പം ഒന്‍പത് ശതമാനം സി.ജി.എസ്.ടിയും ഒന്‍പത് ശതമാനം എസ്.ജി.എസ്.ടിയും ഈടാക്കിയാണ് വാങ്ങുന്നത്. ഫീസ് അടച്ച ബില്ലില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പണം ഈടാക്കുന്ന സ്ഥാപനങ്ങള്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സാധാരണ കാഷ് രസീതില്‍ ജി.എസ്.ടി എന്നെഴുതി തുക രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. 20,000 മുതല്‍ 50,000 വരെ വിവിധ കോച്ചിങ് സെന്ററുകള്‍ ഫീസായി ഈടാക്കുന്നുണ്ട്. 20,000 രൂപ ഫീസ് അടയ്‌ക്കേണ്ട ഒരാള്‍ ഇപ്പോള്‍ ഇതിനു പുറമെ കേന്ദ്ര-സംസ്ഥാന ചരക്കു സേവന നികുതിയായി 3600 രൂപ കൂടി അടയ്ക്കണം. 50,000 രൂപ ഫീസുണ്ടെങ്കില്‍ 9000 രൂപ വരെയാകും ജി.എസ്.ടി. പ്രവേശന പരീക്ഷകള്‍ എഴുതുന്നവര്‍ക്കും സ്വാശ്രയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ചരക്ക് സേവന നികുതി ഈടാക്കിയാല്‍ അത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് വിദ്യാഭ്യാസ മേഖലയിലും ജി.എസ്.ടി കൊള്ളക്ക് തുടക്കമായിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ ജി.എസ്.ടി നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാലേ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനാകൂവെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതേസമയം സ്വകാര്യ പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ജി.എസ്.ടി വിഹിതം വേണ്ടെന്ന് വയ്ക്കാമെങ്കിലും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."