ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 206 ഇന്ത്യക്കാര്‍
ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ നിലവിലുള്ളത് 206 ഇന്ത്യക്കാര്‍. നാടുകടത്തല്‍ കേന്ദ്രത്തില്‍ 81 പേരുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്ഹൗസിലാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.
നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കു സ്വദേശത്തേക്കു മടങ്ങാനായി 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്കു വിമാന ടിക്കറ്റും വിതരണം ചെയ്തു. ഈ വര്‍ഷം ഇതുവരെ ഒന്‍പത് ഓപണ്‍ഹൗസുകള്‍ നടന്നു. ഇതിലായി ആകെ 47 പരാതികള്‍ ലഭിച്ചതില്‍ 33 എണ്ണം പരിഹരിച്ചു. 14 എണ്ണം പരിഹാര നടപടികളിലുമാണ്.
സെപ്റ്റംബറില്‍ എംബസി നാല് കോണ്‍സുലര്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. സല്‍വ, മീസൈദ്, അല്‍ഖോര്‍, ദുഖാന് സിക്രീത്ത് എന്നിവിടങ്ങളില്‍ നടത്തിയ ക്യാംപുകളിലായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി 107 കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍വഹിച്ചു.
ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്മ്യൂനിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്കു മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. കുറഞ്ഞവരുമാനക്കാര്‍ക്കായി ഐ.സി.ബി.എഫ് സെപ്റ്റംബര്‍ 22നു സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിവിധ രാജ്യങ്ങളിലുള്ള 400ഓളം തൊഴിലാളികള്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ വേതനം വൈകല്‍, കരാര്‍ വ്യവസ്ഥകളിലെ ലംഘനം എന്നിവയുള്‍പ്പടെയുള്ള തൊഴിലാളികളുടെ പരാതികള്‍ പരിഗണിച്ചു. അംബാസഡര്‍ പി. കുമാരനു പുറമെ എംബസി തേര്‍ഡ് സെക്രട്ടറി(ലേബര്‍ കമ്മ്യൂനിറ്റി വെല്‍ഫെയര്‍) എം. അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."