കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു
മുംബൈ: എന്‍.ഡി.എയോട് അടുക്കുന്നുവെന്ന സൂചന നല്‍കി, കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി' (എം.എസ്.പി) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. മുംബൈയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റാണെ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെത്തുന്നതിനുമുന്‍പ് താന്‍ പ്രവര്‍ത്തിച്ചിരുന്ന ശിവസേനയെയും അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
ആരാണ് ഉദ്ധവ് താക്കറെ എന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ ദിവസം ശിവാജി പാര്‍ക്കില്‍ നടത്തിയ റാലിയില്‍ അയാള്‍ എന്നെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെയും വിമര്‍ശിച്ചിരുന്നു. യഥാര്‍ഥത്തില്‍ സര്‍ക്കാരില്‍ താക്കറെയുടെയും പാര്‍ട്ടിയുടെയും സംഭാവന എന്താണ്? നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ താക്കറെയും ശിവസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോള്‍ ശിവസേനയില്‍നിന്നുള്ള മന്ത്രിമാര്‍ക്ക് നോട്ട് നിരോധനത്തില്‍ ഒരു പ്രശ്‌നവുമില്ലെന്ന് റാണെ ചൂണ്ടിക്കാട്ടി.
ശിവസേന മന്ത്രിമാര്‍, മന്ത്രിസഭാ യോഗങ്ങളില്‍ ഉറങ്ങുകയാണെന്നാണ് തോന്നുന്നതെന്നും റാണെ പരിഹസിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ശിവസേന എന്‍.ഡി.എ സഖ്യകകഷിയായി തുടരുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്കറിയാം അവര്‍ മുന്നണി വിട്ട് പുറത്തുപോകില്ലെന്ന്. അതേസമയം മറ്റുപാര്‍ട്ടികള്‍ ചേര്‍ന്ന് അവരെ പുറത്താക്കുകയേ നിവൃത്തിയുള്ളൂ എന്നും നാരായണ്‍ റാണെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് നാരായണ്‍ റാണെ. ശിവസേനയിലെ ശക്തനായ നേതാവായിരുന്ന അദ്ദേഹം പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന ഈ ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നു. ഇപ്പോള്‍ അദ്ദേഹത്തെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. മുന്നണിയില്‍ എത്തിയാല്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാക്കാനാണ് ആലോചന. ശിവസനേയെയും കോണ്‍ഗ്രസിനേയും തകര്‍ക്കാന്‍ നാരായണ്‍ റാണെയെ ഉപയോഗപ്പെടുത്താനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍.കൊങ്കണ്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ മുഖമായി അറിയപ്പെട്ടിരുന്ന നേതാവാണ് റാണെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."