ഗാന്ധിസ്മരണയില്‍ നാടും നഗരവും
കൊല്ലം: ജില്ലയിലെങ്ങും രാഷ്ട്രപിതാവിന്റെ സ്മരണയുണര്‍ത്തി ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. കൊല്ലത്തു നടന്ന ശാന്തിയാത്രയിലും ഉദ്ഘാടനസമ്മേളനത്തിലും നിരവധിപേര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിവിധ ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപം എം നൗഷാദ് എം.എല്‍.എ ഫഌഗ് ഓഫ് ചെയ്ത ശാന്തി യാത്രയോടെയാണ് ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായത്. പൊതുസമ്മേളനം കെ സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ആനുകാലിക സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും കാത്തുപരിപാലിക്കുന്നതിന് ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മേയര്‍ വി രാജേന്ദ്രബാബു, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, മുതിര്‍ന്ന ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌കരന്‍നായര്‍, വിവിധ ഗാന്ധിയന്‍ സംഘടനകളുടെ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശമടങ്ങിയ ഫ്‌ളോട്ടും ശാന്തിയാത്രയിലുണ്ടായിരുന്നു. ശാന്തിയാത്ര ബീച്ചില്‍ സമാപിച്ചു. തുടര്‍ന്ന് ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ മേയര്‍ വി. രാജേന്ദ്രബാബു, കെ. സോമപ്രദാസ് എം.പി, സബ് കലക്ടര്‍ ഡോ. എസ് ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ശാന്തിയാത്രയില്‍ പങ്കെടുത്തവര്‍ക്കായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രഭാതഭക്ഷണം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."