'ജീവനോടെ പിടിക്കുക, അല്ലെങ്കില്‍ വധിക്കുക': ഉസാമയുടെ മകനെ തിരയാന്‍ സംയുക്ത സൈന്യത്തിന് രൂപം നല്കി
റിയാദ്: അല്‍ഖാഇദ മുന്‍ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന് 28 കാരനായ ഹംസ ബിന്‍ ഉസാമയെ കണ്ടെത്തുന്നതിന് വേണ്ടി സംയുക്ത സൈന്യത്തിന് രൂപം നല്കി. 'ജീവനോടെ കണ്ടെത്തുക അല്ലെങ്കില്‍ വധിക്കുക' എന്ന പദ്ധതിയോടെയാണ് ബ്രിട്ടന് സ്പെഷ്യല്‍ ഫോഴ്സ് ഉള്‍പ്പെടുന്ന സംയുക്ത സ്പെഷ്യല്‍ സൈനിക സഖ്യത്തിന് രൂപം നല്‍കിയതെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011 മെയില്‍ ഉസാമ കൊല്ലപ്പെട്ടത് മുതല്‍ ഹംസ ബിന്‍ ഉസാമ അല്‍ഖാഇദയുടെ തലപ്പത്തു നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ നല്കി നയിക്കുകയാണെന്നാണ് കണ്ടെത്തല്‍.
സ്പെഷ്യല്‍ എയര്‍ സര്‍വ്വീസ് യൂണിറ്റിലെ നാല്പതംഗങ്ങള് ഉള്‍പ്പെടുന്ന സംയുക്ത സൈന്യത്തിനാണ് രൂപം നല്‍കിയത്. ഹംസ ബിന്‍ ഉസാമ ഉണ്ടെന്ന് കരുതുന്ന സിറിയയിലേക്ക് സംഘം തിരിച്ചതായാണ് വാര്‍ത്ത. ഹംസ ബിന്‍ ഉസാമയെയോ അദ്ദേഹത്തിന്റെ സംഘത്തെയോ കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
ഷാദെര് ഓപ്പറേഷനില്‍ പിടിക്കേണ്ട പത്തു പേരില്‍ ഒന്നാമനാണ് ഉസാമയുടെ മകന്. അല്‍ഖാഇദയുടെ അടുത്ത നേതാവായി ഇദ്ദേഹം പ്രഖ്യാപിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജനുവരിയില്‍ അമേരിക്ക ഹംസ ബിന്‍ ലാദനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
1989 ലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് കണക്കാക്കുന്നത്. ഉസാമയുടെ മൂന്ന് ഭാര്യാമാരില് ഒരാളാണ് മാതാവ്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുരുങ്ങിയ തോതിലുള്ള ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങളെ അല്‍ഖാഇദക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇദ്ദേഹം നടതുന്നതെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ ശക്തികളുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."