പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളി
കേരളത്തില്‍ സ്വാധീനം ചെലുത്താനുള്ള
ആര്‍.എസ്.എസിന്റെ പാഴ്ശ്രമം
കെ.ടി.കുഞ്ഞിക്കണ്ണന്‍
(ഡയറക്ടര്‍ കേളുഏട്ടന്‍ പഠന
ഗവേഷണ കേന്ദ്രം)
ആര്‍.എസ്.എസ് തലവന്റെ വിജയദശമി പ്രസംഗത്തില്‍ കേരളം ജിഹാദികളുടെ താവളമാണെന്ന പ്രസ്താവന മലയാളി സമൂഹത്തെയും കേരളം നേടിയ സാമൂഹിക പുരോഗതിയെയും അതിന്റെ അടിസ്ഥാനമായ മതനിരപേക്ഷതയെയും അടച്ചാക്ഷേപിക്കുന്നതാണ്.
ഇടതുസര്‍ക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണ നിലപാടുകളെ വര്‍ഗീയ പ്രവര്‍ത്തനമായും ജിഹാദികളെ സഹായിക്കലായും ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് നിലപാടുകളാണ് പ്രസ്താവനയിലൂടെ വെളിവാകുന്നത്. ഹിന്ദുത്വ വര്‍ഗീയത ഉയര്‍ത്തുന്ന ഭീഷണികളെ മതനിരപേക്ഷ നിലപാടുകളില്‍നിന്ന് അതിശക്തമായി പ്രതിരോധിക്കുന്ന സമൂഹമാണ് കേരളം.
രാജ്യത്ത് മതനിരപേക്ഷതയ്ക്കും ജനാധിപത്യ ഘടനയ്ക്കും എതിരേ സംഘ്പരിവാറിന്റെ നേതൃത്വമുള്ള മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളെ ദേശീയതലത്തില്‍ പ്രതിരോധിക്കുന്നത് സി.പി.എമ്മും മറ്റിതര ജനാധിപത്യ ശക്തികളുമാണ്. ന്യൂനപക്ഷങ്ങളെയും ദലിതരെയും പിന്നാക്ക സമൂഹങ്ങളെയും അനഭിമതരും രാജ്യദ്രോഹികളുമായി കാണുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എന്നും എതിര്‍ത്തുപോന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.
1942ല്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചതുതന്നെ ഇവിടെ നിലനില്‍ക്കുന്ന മതമൈത്രിയെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തെ മലബാറില്‍ നയിച്ച കോണ്‍ഗ്രസ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇവിടെ ശാഖാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
മുസ്‌ലിംകളെയും കമ്മ്യൂണിസ്റ്റുകാരെയും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഗോള്‍വാള്‍ക്കര്‍ ആര്‍.എസ്.എസിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം കേരളം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പക്ഷേ, ആര്‍.എസ്.എസിന്റെ ആരംഭകാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കോഴിക്കോട്ടോ മറ്റിതര പ്രദേശങ്ങളിലോ അവര്‍ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാനായില്ല
.
ആ ഒരു സാഹചര്യത്തിലാണ് 1943 ഗോള്‍വാക്കര്‍ നേരിട്ട് പങ്കെടുക്കുന്ന ആര്‍.എസ്.എസിന്റെ ഇന്‍സ്‌പെക്ടേഴ്‌സ് ക്യാംപ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. ആ ക്യാംപില്‍വച്ചാണ് മത ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും എതിര്‍ക്കുന്ന ആര്‍.എസ്.എസിന്റെ കേരള അജണ്ട ആവിഷ്‌കൃതമാവുന്നത്.
മുസ്‌ലിംകളെ എതിര്‍ത്തുകൊണ്ട് ഹിന്ദുത്വ ധ്രുവീകരണമുണ്ടാക്കുന്നതിനും ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിന് കാരണം സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവുമാണെന്ന വിലയിരുത്തലായിരുന്നു ഗോള്‍വാള്‍ക്കര്‍ക്ക് ഉണ്ടായിരുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ന്യൂനപക്ഷ മത സമൂഹങ്ങള്‍ക്കെതിരേ കാംപയിന്‍ നടത്താനുള്ള തീരുമാനം ആര്‍.എസ്.എസ് ഏറ്റെടുക്കുന്നത്.
ടിപ്പുവിന്റെ കാലം മുതല്‍ മലബാറില്‍ ഹിന്ദുക്കളെ ബലം പ്രയോഗിച്ചു മുസ്‌ലിംകള്‍ അവരുടെ മതത്തിലേക്ക് ചേര്‍ക്കുകയായിരുന്നുവെന്നാണ് ആര്‍.എസ്.എസ് നടത്തിയ പ്രചാരണം ഹിന്ദു സ്ത്രീകളെ പ്രണയിച്ച് മതംമാറ്റി മുസ്‌ലിംകള്‍ വിവാഹം കഴിക്കുകയാണെന്ന പ്രചാരണവും നടത്തി.
ഇതിനായി ആര്‍.എസ്.എസ് സവര്‍ണ ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളെ മുന്‍നിര്‍ത്തി അബലസംരക്ഷണപദ്ധതിക്ക് രൂപം കൊടുത്തു. മലബാറിലെ ഒറ്റപ്പെട്ട ചില മതപരിവര്‍ത്തന സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുകയും പെരുപ്പിച്ച് കാണിക്കുകയും ഹിന്ദുകുടുംബങ്ങളിലെ പെണ്ണുങ്ങളെ മുസ്‌ലിംകള്‍ പ്രലോഭിപ്പിച്ചും ബലം പ്രയോഗിച്ചും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു എന്നായിരുന്നു പ്രചാരണം. 1943നും 57നുമിടയില്‍ ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങള്‍ ആര്‍.എസ്.എസ് നടത്തിയിട്ടും അവര്‍ക്ക് കാര്യമായ സ്വാധീനമുണ്ടായില്ല.
1950ല്‍ നടുവട്ടം പള്ളിക്ക് മുമ്പില്‍ വാദ്യഘോഷങ്ങളോടെ പ്രകടനം നടത്തിയത് മുസ്‌ലിം മതവിശ്വാസികളെ പ്രകോപിപ്പിച്ച് കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയതലത്തില്‍ ആര്‍.എസ്.എസ് ഏറ്റെടുത്ത ഗോവധനിരോധന കാംപയിന്‍ കേരളത്തിലും അവര്‍ നടത്തി. 1952ലെ പയ്യോളി കലാപം വളരെ ആസൂത്രിതമായിരുന്നു. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഗോവധത്തിനെതിരെ പ്രകോപന പ്രസംഗങ്ങള്‍ നടത്തി മുസ്‌ലിംകളെ ആക്ഷേപിച്ചു. വടക്കെ ഇന്ത്യയില്‍നിന്ന് വന്ന ആര്‍.എസ്.എസ് പ്രചാരക്മാര്‍ കോഴിക്കോടും കൊയിലാണ്ടിയും കേന്ദ്രീകരിച്ച് കലാപങ്ങള്‍ ഉണ്ടാക്കാനുള്ള നിര്‍ദേശം നല്‍കി. അങ്ങനെയാണ് 1952ല്‍ പയ്യോളിയില്‍ ഗോവധത്തിന്റെ പേരില്‍ കലാപമുണ്ടായത്. ആ പ്രദേശത്ത് ഹിന്ദുധ്രുവീകരണങ്ങളുണ്ടാക്കാനായി ആര്‍.എസ്.എസുകാര്‍ നുണപ്രചാരണങ്ങള്‍ നടത്തുകയും മുസ്‌ലിംകളെ അടിച്ചോടിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്നത് എം.കെ.കേളുവിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു. ആര്‍.എസ്.എസുകാര്‍ അടിച്ചോടിച്ച മുസ്‌ലിം കുടുംബങ്ങളെ തിരിച്ച് പയ്യോളിയില്‍ കൊണ്ടുവരികയും എല്ലാവര്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തത് ഇവരെപ്പോലുള്ള ആളുകളാണ്. ഇതുപോലുള്ള നിരവധി സംഭവങ്ങളുടെ തുടര്‍ച്ച കേരളത്തിലുണ്ടായി. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ ദേശീയ നേതൃത്വത്തിന്റെ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് വിലയിരുത്തലുണ്ടായി.
മോഹന്‍ഭാഗവത് തന്റെ വിദ്വേഷപ്രസംഗത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്നതും പിണറായി സര്‍ക്കാരിനെ ജിഹാദികളുടെ സഹായിയായി ചിത്രീകരിച്ച് വിഷം പടര്‍ത്തുകയും ചെയ്യുന്നതെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്.
ആഗോള തീവ്രവാദ (ഐ.എസ്)ത്തിന്റെ ക്യാംപുകളിലേക്ക് കേരളത്തില്‍ നടന്ന ഒറ്റപ്പെട്ട ആളുകളുടെ റിക്രൂട്ട്‌മെന്റ് ചൂണ്ടിക്കാട്ടി മുസ്‌ലിംകളാകെ ഭീകരവാദികളാണെന്ന് വരുത്താനുള്ള ഗൂഢാലോചനയാണ് മോഹന്‍ ഭാഗവത് നടത്തുന്നത്.
പരാമര്‍ശം കേരളത്തെ അധിക്ഷേപിക്കാന്‍
ബിന്ദു കൃഷ്ണ
(മഹിളാ കോണ്‍ഗ്രസ്
സംസ്ഥാന പ്രസിഡന്റ്)
മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം കേരളത്തെ ബോധപൂര്‍വം അപീകര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്. ഹൈന്ദവ തീവ്രവാദ നിലപാടുകള്‍ക്കനുസരിച്ച് ചുവടുമാറ്റാന്‍ കേരളം തയ്യാറാകാത്തതാണ് ഇതിന് പിന്നില്‍. എന്നാല്‍, ആര്‍.എസ്.എസിനെതിരേ സര്‍ക്കാരിന്റേതു മൃദുസമീപനമാണ്. ദേശാഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അര്‍ഥം മാറ്റാനാണ് ആര്‍.എസ്.എസ് നീക്കം.
ഹിന്ദുവെന്നാല്‍ ആര്‍.എസ്.എസ് മാത്രമാണെന്നും ക്ഷേത്രാരാധനയ്ക്ക് ആര്‍.എസ്.എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള ചിന്താഗതിയാണ് ആര്‍.എസ്.എസ് കൊണ്ടുനടക്കുന്നത്. ഈ നിലപാടുകളൊക്കെ തികച്ചും അപലപനീയമാണ്.
പിണറായിയുടെ പ്രസ്താവന മറ്റ് നേതാക്കള്‍ മാതൃകയാക്കണം
എന്‍ പ്രഭാകരന്‍
(എഴുത്തുകാരന്‍)
ഇന്ത്യക്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മറ്റാരുടെയും ആവശ്യമില്ല. അതിന് ആര്‍.എസ്.എസ് മുന്‍കൈയെടുക്കേണ്ടതുമില്ല. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മറ്റു രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നേതാക്കളും മാതൃകയാക്കണം.
ആര്‍.എസ്.എസ് കേരളീയരെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മോഹന്‍ഭാഗവതിന് നല്‍കിയ പിണറായിയുടെ മറുപടിയില്‍ താന്‍ അഭിമാനം കൊള്ളുന്നു.
ആര്‍.എസ്.എസ് ഇന്ത്യക്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നതിനെതിരേയുള്ള ഞങ്ങളുടെ ശക്തമായ നിലപാടായിരുന്നു അത്. ഇന്ത്യയെന്നത് ബഹുസ്വരത നിലനിര്‍ത്തുന്ന രാജ്യമാണ്. പല ജാതി, മത, ഗോത്ര വിഭാഗങ്ങള്‍ ഒന്നായി ജീവിച്ചു പോന്ന രാജ്യം.
പല ഭാഷകളുടെയും പല വേഷങ്ങളുടെയും പല ആചാരങ്ങളുടെയും സംഗമഭൂമിയാണിത്. മോഹന്‍ ഭാഗവതിനെപ്പോലുള്ളവരുടെ പ്രസ്താവനകള്‍ ഇന്ത്യയുടെ താളം തന്നെ തെറ്റിക്കുമെന്ന ഉത്കണ്ഠയാണ് എനിക്കുള്ളത്.
ഇന്ത്യയുടെ ബഹുസ്വരതക്കെതിരേയുള്ള ശബ്ദം പല രീതിയിലും ഇവിടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ ഉയരുന്ന പ്രസ്താവനകള്‍ക്കെതിരേ എല്ലാ വിഭാഗം രാഷ്ട്രീയ നേതൃത്വവും സാംസ്‌കാരിക നേതൃത്വവും രംഗത്തിറങ്ങണം.
ആര്‍.എസ്.എസിന് വേരുപിടിക്കാവുന്ന മണ്ണല്ല
വി.എസ് അനില്‍കുമാര്‍
(എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍)
ഒക്ടോബര്‍ രണ്ട് ഗാന്ധിജിയുടെ ജന്മദിനമാണ്. എത്ര വലിയ പ്രശ്‌നങ്ങളും ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാല്‍ തീര്‍ക്കാമെന്ന് തെളിയിച്ച മഹാത്മാവിനെ ഓര്‍ക്കുന്ന ദിവസം.
വ്യക്തിയല്ല രാജ്യമാണ് വലുത് എന്നു പറഞ്ഞ് സമരമുഖത്തു നിന്ന് വിടപറഞ്ഞ എം.എന്‍ വിജയന്‍ മാഷ് ഓര്‍മയായിട്ട് ഇന്ന് പത്തു വര്‍ഷമാകുന്നു. ഇവരൊക്കെയാണ് ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിച്ചത്. അതു കൊണ്ട് ആര്‍.എസ്.എസ് ഞങ്ങളെ അതു പഠിപ്പിക്കേണ്ട. സംഘികള്‍ എന്നല്ല എതിര്‍ക്കുന്നവന്റെ കൈ വെട്ടുന്നവരോ മറ്റു മതക്കാരോട് പാകിസ്താനിലേക്ക് പോ എന്നലറുന്നവരോ ആരും ഞങ്ങളെ രാജ്യസ്‌നേഹം എന്നല്ല മത തത്വങ്ങളും പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടേണ്ട. കാരണം അത്തരം വിഷയങ്ങള്‍ ഞങ്ങളോട് വിശദമായി പറഞ്ഞു തന്ന മനുഷ്യസ്‌നേഹികള്‍ വേറെയുണ്ട്. അവരുടെ പാഠങ്ങള്‍ ലോകത്തിലെ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നവയാണ്. അതുകൊണ്ട് വെട്ടിക്കൊല്ലുന്നവരും വെടിവച്ചു കൊല്ലുന്നവരും രാജ്യസ്‌നേഹം എന്നല്ല സ്‌നേഹം എന്ന വാക്കു തന്നെ ഉച്ചരിക്കാന്‍ അനര്‍ഹരാണ്.
സ്വാതന്ത്ര്യസമരത്തില്‍ ഒന്ന് അനങ്ങുകപോലും ചെയ്യാത്ത, ബ്രിട്ടീഷുകാര്‍ക്ക് സ്തുതി പാടിയ, മഹാത്മാഗാന്ധിയെ കൊലചെയ്തതില്‍ പങ്കുള്ള തീവ്ര മതവാദികള്‍ വിടുവായത്തം പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. കേരളം അവര്‍ക്ക് വേരുപിടിക്കാവുന്ന മണ്ണല്ല.
കേരളത്തിനെതിരേ വ്യാജ പ്രചാരണം
കെ.കെ കൊച്ച്
(ദലിത് ചിന്തകന്‍)
ഉത്തരേന്ത്യയിലെ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ ഉത്തരവുകളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമറിയുന്ന ദുര്‍ബലമായ പ്രാദേശിക നേതൃത്വമാണ് സംഘ്പരിവാറിന് കേരളത്തിലുള്ളത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാടിലാണ് ആര്‍.എസ്.എസ്. ദേശീയ നേതൃത്വം കേരളത്തെ മനസിലാക്കുന്നത്.
സംസ്ഥാനത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ വിലയിരുത്തിയുള്ള ഇടപെടലുകളും സമരങ്ങളുമേതെന്ന് കണ്ടെത്താന്‍ കെല്‍പുള്ള നേതാക്കള്‍ സംഘ്പരിവാറിന് കേരളത്തിലില്ല.
സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിം ലീഗും വിവിധങ്ങളായ സാമൂഹികരാഷ്ട്രീയ വിഷയങ്ങളുന്നയിച്ചാണ് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്നത്. ദലിത്പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സമരങ്ങള്‍ക്കൊപ്പം നില്‍ക്കാനും ബി.ജെ.പിക്ക് കഴിയുന്നില്ല. അതിന് പകരമായാണ് അവര്‍ വ്യാജപ്രചാരണങ്ങളെ കൂട്ടുപിടിക്കുന്നത്. കേരളത്തില്‍ ഹിന്ദുക്കളില്‍നിന്ന് കൂടുതലാളുകള്‍ ഇസ്‌ലാംക്രിസ്തു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നതും മറിച്ച് ഹിന്ദുമതത്തിലേക്ക് ഈ വിഭാഗങ്ങളിലേക്ക് ആരും സ്വമേധയാ വരുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ഹാദിയയെയും ആതിരയെയും പോലുള്ളവര്‍ ഇതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ ഹിന്ദുത്വത്തെ എതിര്‍ക്കാനും മറ്റൊരു ചിന്താധാരയിലേക്ക് രാജ്യത്തെ ജനങ്ങളെ നയിക്കാനും ഇവിടത്തെ ഇടതുപക്ഷത്തിനും സാധിക്കുന്നില്ല. ബാഫക്കി തങ്ങളെ പോലുള്ളവര്‍ ഇസ്‌ലാം മതവിശ്വാസത്തെ വിജ്ഞാനവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കേരളത്തില്‍ മുസ്‌ലിം സമുദായം പുരോഗതിയിലെത്തിയത്. മതത്തില്‍ വിജ്ഞാനം കൂടിയുള്ളത് കൊണ്ടാണ് ഹാദിയയെയും ആതിരയെയും പോലുള്ളവര്‍ ഇസ്‌ലാമിലേക്ക് വരാനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."