ബി.എസ്.എഫ് ക്യാംപ് ആക്രമണം: ഭീകരര്‍ നേരത്തെതന്നെ കശ്മിരിലെത്തിയെന്ന് പൊലിസ്
ശ്രീനഗര്‍: ഇന്നലെ പുലര്‍ച്ചെ നാലോടെ ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള ബി.എസ്.എഫ് ക്യാംപ് ആക്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ജൂലൈയ്ക്കും ഓഗസ്റ്റിനും ഇടയില്‍ കശ്മിരിലെത്തിയിരുന്നതായി വിവരം. ക്യാംപ് ആക്രമിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചെങ്കിലും ഇവര്‍ ശക്തമായ സുരക്ഷാ സംവിധാനമുള്ള മേഖലയില്‍ കടന്നുകയറിയത് വലിയ സുരക്ഷാ വീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്.
പൂഞ്ച് ജില്ലയിലെ അതിര്‍ത്തി വഴിയാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് ലഭ്യമായ വിവരമെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് അറിയിച്ചു. ആക്രമണത്തിന് മുന്‍പ് ഇവര്‍ ഇതുസംബന്ധിച്ച് ആസൂത്രണം നടത്തുകയായിരുന്നുവെന്നാണ് നിഗമനമെന്നും പൊലിസ് പറയുന്നു.
ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ വലിയൊരു സംഘം കശ്മിരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് നിഗമനം. ആറോ ഏഴോ പേരടങ്ങുന്ന സംഘമായിട്ടാണ് ഇവര്‍ കശ്മിരിലേക്ക് എത്തിയതെന്ന് കശ്മിര് റെയ്ഞ്ച് പൊലിസ് ഐ.ജി മുനീര്‍ ഖാന് പറഞ്ഞു.
പുല്‍വാമ ജില്ലയിലെ പൊലിസ് ആസ്ഥാനത്തിനുനേരെ ചാവേറാക്രമണം നടത്തിയതിനുപിന്നിലും ഇവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തില്‍ എട്ട് സുരക്ഷാ സൈനികരും മൂന്ന് ഭീകരരും മരിച്ചിരുന്നു.
നുഴഞ്ഞുകയറിയ സംഘത്തിലുള്ള ചിലര്‍ ഇപ്പോഴും ദക്ഷിണ കശ്മിരില്‍ സജീവമാണെന്നും മുനീര്‍ ഖാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."