റോഹിംഗ്യന്‍ ജനതയെ പിന്തുണച്ച് കോഴിക്കോട്ട് ബഹുജന സമ്മേളനം
കോഴിക്കോട്: റോഹിംഗ്യന്‍ ജനതയെ ക്രൂരമായി വേട്ടയാടുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരേ അന്തര്‍ദേശീയതലത്തില്‍ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഏതാനും സ്വാര്‍ഥമതികളുടെ അപക്വവും അപകടകരവുമായ ദുഷ്‌ചെയ്തികളാണ് നീതീകരണമില്ലാത്ത കൊടും പാതകത്തിന് കാരണം. മുസ്്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.
ഒരു ഭാഗത്ത് മ്യാന്‍മറിലെ പട്ടാളവും ഭരണകൂടവും വംശവെറിയോടെ കൊന്നുതള്ളുന്നു. മറുഭാഗത്ത് കൊടിയ പീഡനം സഹിക്കാതെ പ്രാണനും കൊണ്ട് ഓടിവന്നവരെ ആട്ടിപ്പായിച്ച് ദുരിതക്കയത്തിലേക്ക് മടക്കിവിടാനുള്ള ശ്രമവും നാം കാണുന്നു. ജനിച്ച മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം തന്നെയാണ് പ്രധാനം.അതിനുള്ള സാഹചര്യം ഉരുത്തിരിയുന്നതുവരെ യു.എന്‍ നിബന്ധനക്ക് വിധേയമായി അഭയാര്‍ഥികളെന്ന പരിഗണനയോടെ ഇന്ത്യയില്‍ കഴിയാന്‍ അവരെ അനുവദിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
തിബത്തില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബുദ്ധമതക്കാരുടെ നേര്‍ക്കുള്ള പീഡനങ്ങളെ ആളും അര്‍ഥവും കൊണ്ട് പ്രതിരോധിച്ചവരാണ് നമ്മള്‍. അവരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഒരു യുദ്ധംതന്നെ നേരിടേണ്ടിവന്നു നമ്മുടെ രാജ്യത്തിന്. ആഫ്രിക്കയിലും ഫലസ്തീനിലും ലോകത്തെവിടെയും മനുഷ്യത്വത്തിനെതിരായ കൈയേറ്റങ്ങള്‍ നടക്കുമ്പോള്‍ പീഡിതരോട് നാം ഒട്ടിനിന്ന ചരിത്രമാണുള്ളതെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്്‌ലാമി), പ്രൊഫ.എ.കെ അബ്ദുല്‍ഹമീദ് (കാന്തപുരം വിഭാഗം), ഡോ.സാബിര്‍ നവാസ് (മുജാഹിദ് വിസ്ഡം), എ നജീബ് മൗലവി (സമസ്താന), അബുല്‍ഖൈര്‍ മൗലവി (തബ്‌ലീഗ്), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), പി ഉണ്ണീന്‍ (എം.എസ്.എസ്), ഡോ. കെ.എസ് മാധവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, സിറാജ് ഇബ്രാഹീം സേട്ട്,സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കോ ഓഡിനേഷന്‍ കണ്‍വീനര്‍ കെ.പി.എ മജീദ് സ്വാഗതവും ഡോ.എം.ഐ മജീദ് സ്വലാഹി നന്ദിയും പറഞ്ഞു.
സി.വി.എം വാണിമേല്‍ രചിച്ച മരണപ്പാടം എന്ന കവിത ഗായകന്‍ വി.ടി മുരളി ആലപിച്ചു. പി.കെ.കെ ബാവ, ഉമര്‍ പാണ്ടികശാല, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സി മോയിന്‍കുട്ടി, സി.കെ സുബൈര്‍, എന്‍ജിനീയര്‍ പി മാമുക്കോയ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."