തോക്കുപേക്ഷിച്ചാല്‍ പണവും പണിയും: കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുനരധിവാസപദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കായി സര്‍ക്കാര്‍ കീഴടങ്ങല്‍ നയം തയാറാക്കുന്നു. പൊലിസ് മുന്‍കൈ എടുത്തു തയാറാക്കിയ ഇതിന്റെ കരട് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കൈമാറി. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിക്കുന്നുവെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
ആയുധവുമായി കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കു പുനരധിവാസ പാക്കേജും പണവും തൊഴിലും ഉറപ്പാക്കണമെന്ന ശുപാര്‍ശയാണ് പൊലിസ് മേധാവി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കീഴടങ്ങുന്നവര്‍ക്കു വീടും കൃഷി ചെയ്യാനുള്ള സ്ഥലവും തൊഴില്‍പരിശീലനവും ഒരുക്കണമെന്നും ശുപാര്‍ശയുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍ കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കു പണവും പുനരധിവാസവും ഉള്‍പ്പെട്ട നയം രൂപീകരിച്ചിട്ടുണ്ട്.
ഇതിന് അനുസൃതമായാണ് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനും ഇന്റലിജന്‍സ് ഡി.ജി.പി മുഹമ്മദ് യാസിനും ലോക്‌നാഥ് ബെഹ്‌റയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. ഈ രണ്ടു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണു ബെഹ്‌റ കരടുനയം തയാറാക്കിയത്.
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്നും അതിനാല്‍ അവര്‍ കീഴടങ്ങിയാല്‍ പുനരധിവാസ പാക്കേജ് ഉണ്ടാക്കണമെന്നും കഴിഞ്ഞമാസം തിരുവനന്തപുരത്തു നടന്ന ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഇത്തരത്തില്‍ നയമില്ലാത്തതും വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന്റെയും അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇന്റലിജന്‍സ് ഡി.ജി.പിയെയും ഉത്തരമേഖലാ ഡി.ജി.പിയെയും സംസ്ഥാന പൊലിസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.
അഞ്ചു മുതല്‍ 10 ലക്ഷം വരെ പണമായി നല്‍കണമെന്നും ആഭ്യന്തരം, റവന്യൂ, കൃഷി, സാമൂഹികനീതി വകുപ്പുകള്‍ സംയുക്തമായി പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും കരടുനയത്തില്‍ പറയുന്നു. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കെതിരേ കേസുകളുണ്ടെങ്കില്‍ അതില്‍ നടപടികളാവാം. അതേസമയം, അവരുടെ കുടുംബത്തിനു സംരക്ഷണവും തൊഴിലും ഉറപ്പുവരുത്തണം.
മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടികളാണു ചെലവിടുന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ചായിരിക്കും മാവോയിസ്റ്റുകളുടെ പുനരധിവാസം. കരടുനയത്തില്‍ സര്‍ക്കാര്‍ ചില ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരടുനയത്തിന്റെ പൂര്‍ണരൂപം വ്യക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായില്ല.
അടുത്ത മന്ത്രിസഭായോഗം കരടുനയം ചര്‍ച്ച ചെയ്യും. അതിനിടെ മാവോയിസ്റ്റുകള്‍ ശക്തമല്ലാത്ത സംസ്ഥാനത്ത് ഇത്തരത്തിലൊരു നയം എന്തിനാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചോദ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."