നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രി ഉടമകള്‍
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളവര്‍ധന അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി ഉടമകളുടെ സംഘടനയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസോസിയേഷന്‍. ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉടമകള്‍ വേതന നിര്‍ണയ സമിതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.
കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാകൂ എന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂലൈ 20ന് ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ അട്ടിമറിച്ചിരിക്കുന്നത്.
തൊഴില്‍ വകുപ്പ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പ്രതിനിധിയും പങ്കെടുത്തിരുന്നു. ആശുപത്രി മാനേജ്‌മെന്റുകളുടെ പുതിയ നിലപാടിനെ തുടര്‍ന്ന് സംസ്ഥാനത്തെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 19ന് ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ച ചെയ്യാനായി മിനിമം വേതന സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
അന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെങ്കില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കേണ്ടിവരും. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ അതിനെതിരേ ചില ആശുപത്രി ഉടമകള്‍ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചാണ് ആലോചിക്കുന്നത്. എങ്കില്‍ ആ ആശുപത്രികള്‍ സ്തംഭിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നിലപാട്.
ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍ അഞ്ച് ശതമാനം വര്‍ധന വരുത്താന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായെങ്കിലും നഴ്‌സുമാരുടെ ശമ്പളക്കാര്യത്തല്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. മുന്‍പ് നടത്തിയ സമരത്തിന്റെ പേരില്‍ നഴ്‌സുമാര്‍ക്കെതിരേ ചില ആശുപത്രികള്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന കാര്യം നഴ്‌സുമാരുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.
ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ആശുപത്രിയുടമകള്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തൊഴില്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."