യാത്ര കേരളത്തില്‍, കടിഞ്ഞാണ്‍ ഡല്‍ഹിയില്‍; ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം
കണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പി നടത്തുന്ന ജനരക്ഷായാത്രയുടെ കടിഞ്ഞാണ്‍ പൂര്‍ണമായും ആര്‍.എസ്.എസിന്റെ പക്കല്‍. ഡല്‍ഹിയില്‍നിന്നും ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍നിന്നും നിയന്ത്രിക്കുന്ന യാത്രയുടെ ലക്ഷ്യം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം തന്നെ.
ആദ്യദിനത്തില്‍ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ചത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായിലൂടെയാണെങ്കില്‍ രണ്ടാംദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വിത്തുപാകി കേരളത്തിന്റെ മണ്ണിലൂടെ എട്ട് കിലോമീറ്റര്‍ നടന്നത്.
ബി.ജെ.പിയുടെ ശക്തമായ ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിനെ തന്നെ രംഗത്തിറക്കിയത് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ലക്ഷ്യമിട്ടുതന്നെയാണ്. കേരളത്തിലെ നേതാക്കളുടെ മൃദു ഹിന്ദുത്വ നിലപാടിനു വിരുദ്ധമായി തീവ്ര ഹിന്ദുത്വ നിലപാട് അവതരിപ്പിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ദുര്‍ബലമാക്കുക എന്ന അജന്‍ഡയും ജനരക്ഷായാത്രയ്ക്കുണ്ട്.
ദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ ദേശീയ തലത്തില്‍ കേരള വിരുദ്ധ തരംഗമുണ്ടാക്കാന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. ഇതിനുള്ള എല്ലാ ആസൂത്രണവുമായിട്ടാണ് ആര്‍.എസ്.എസ് നേതൃത്വം യാത്രയുടെ മറവില്‍ കേരളത്തില്‍ എത്തിയിരിക്കുന്നതും.
കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുവെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും അദ്ദേഹം പുറപ്പെടുവിച്ച തീവ്ര ഹിന്ദുത്വ നിലപാടുകളും വ്യക്തമാക്കുന്നതും കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ മൃദുനിലപാടല്ല ആര്‍.എസ്.എസ് നേതൃത്വത്തിന് ഉള്ളതെന്നു തന്നെയാണ്.
കേരളം സനാതന ധര്‍മങ്ങളുടെ ഭൂമിയാണെന്നും ഇത്രമാത്രം പ്രശസ്തമായ ക്ഷേത്രങ്ങളുണ്ടായിട്ടും സി.പി.എമ്മിന്റെ വളര്‍ച്ചയെങ്ങനെ സാധ്യമാകുന്നുവെന്ന ആര്‍.എസ്.എസിന്റെ ഉല്‍ക്കണ്ഠതന്നെയാണ് യോഗിയും പങ്കുവച്ചത്. കേരളീയരെ ഹിന്ദുത്വത്തിന്റെ പേരില്‍ വേര്‍പിരിക്കാനാകുമെന്ന പ്രതീക്ഷയാണ് ആര്‍.എസ്.എസിനുള്ളതും.
യാത്ര നയിക്കുന്ന കുമ്മനത്തെപോലും അപ്രസക്തമാക്കുന്ന വിധത്തിലാണ് ആര്‍.എസ്.എസ് ജനരക്ഷായാത്രയെ നിയന്ത്രിക്കുന്നത്. കോടികളുടെ ഫണ്ടും ആള്‍ബലവും ഒഴുകുന്ന യാത്രയുടെ അടുത്ത ദിവസത്തെ പ്രചാരണത്തിന് എത്തുന്ന വി.ഐ.പി ആരാണെന്നു പോലും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ധാരണയില്ല. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും അടുത്ത ദിവസത്തെ യാത്രയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. യാത്രയെ അനുഗമിക്കാനും കേരളത്തിലെ പ്രവര്‍ത്തകരെക്കാള്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനശൈലിയല്ല, വര്‍ഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന അജന്‍ഡയാണ് ദേശീയ നേതൃത്വത്തിനുള്ളതെന്ന് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തേയും അണികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ജനരക്ഷായാത്ര കൊണ്ട് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാല്‍, ആര്‍.എസ്.എസ് പ്രതീക്ഷിക്കുന്ന ഈ നേട്ടം കേരളത്തില്‍നിന്നു കിട്ടുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."