പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്:'കേന്ദ്രത്തെ പഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തവകാശം?'
മലപ്പുറം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്രത്തെ പഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ധാര്‍മിക അവകാശമില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ഈ ജനദ്രോഹ നടപടിയില്‍, അധിക നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ മനസുവച്ചാല്‍ ഇന്ധന വില കുറയ്ക്കാനാകും. അധിക നികുതി വേണ്ടെന്നുവയ്ക്കാന്‍ തങ്ങളെക്കിട്ടില്ലെന്നാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഇത്തരത്തില്‍ നാലുതവണ നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്. ഇതിലൂടെ 619.17 കോടി രൂപയുടെ ആനുകൂല്യമാണ് ജനങ്ങള്‍ക്കു നല്‍കിയത്. ഹര്‍ത്താലിന്റെ പേരില്‍ യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസമില്ല. ഹര്‍ത്താല്‍ നിവൃത്തികേടില്‍നിന്നുണ്ടായതാണ്. കേരള ജനത ഇതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് ബി.ജെ.പി സൃഷ്ടി
കേരളത്തില്‍ ലൗ ജിഹാദ് ഇല്ല. വിവിധ മതങ്ങളില്‍പ്പെട്ടവര്‍ പരസ്പരം വിവാഹം കഴിക്കുന്നതു ലൗ ജിഹാദാക്കി ദുഷ്പ്രചാരണം നടത്തുകയാണ് ബി.ജെ.പി നേതാക്കള്‍. അമിത് ഷായും യോഗി ആദിത്യനാഥും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിന്റെ മുഖമുദ്രയാണെന്ന തരത്തിലാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇവരുടെ പ്രസ്താവന കേരളത്തിന് അപമാനമാണ്. മുന്‍പു സോമാലിയ എന്നു പറഞ്ഞ് കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചിരുന്നു.
മതേതര യോജിപ്പ്
മതേതര കക്ഷികള്‍ സംഘ്പരിവാറിനെതിരേ ഒന്നിക്കണം. അതിനു കോണ്‍ഗ്രസ് മുന്‍കൈയെടുക്കും. സീതാറാം യെച്ചൂരിയോപ്പോലൊരാള്‍ പാര്‍ലിമെന്റില്‍ വേണമെന്നു കോണ്‍ഗ്രസ് നിലപാടെടുത്തപ്പോള്‍ സി.പി.എം നിഷേധ സമീപനമാണ് സ്വീകരിച്ചത്. കെ.പി.സി.സി നേതൃസ്ഥാനത്തേക്കു താനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷനായി. എസ്. മഹേഷ് കുമാര്‍ സ്വാഗതവും സമീര്‍ കല്ലായി നന്ദിയും പറഞ്ഞു.
എല്‍.ഡി.എഫ് ആത്മവിശ്വാസമില്ലാത്ത എതിരാളി
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കും. ആത്മവിശ്വാസമില്ലാത്ത എതിരാളിയാണ് എല്‍.ഡി.എഫ്. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ഇതു തെളിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."