തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രം: യുവതിയില്‍നിന്നു വനിതാ കമ്മിഷന്‍ മൊഴിയെടുത്തു
വടക്കാഞ്ചേരി: തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രമായ ശിവശക്തി യോഗ സെന്ററിനെതിരേയുള്ള പരാതിയില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ക്രിസ്തുമത വിശ്വാസിയെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തു.
കണ്ണൂര്‍ സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയുടെ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിലുള്ള ഭര്‍തൃവീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസില്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ജോസഫൈന്‍ എത്തി മൊഴി എടുത്തത്. മൊഴിയെടുപ്പില്‍ യോഗ കേന്ദ്രത്തിലെ മേധാവി മനോജ് അടക്കമുള്ളവരില്‍നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതി കമ്മിഷന് മൊഴി നല്‍കി. കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മറ്റു യുവതികള്‍ക്കും പലവിധത്തിലുള്ള പീഡനം ഏറ്റിരുന്നുവെന്ന് യുവതി വിശദീകരിച്ചു.
കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ കൂടി തടവിലുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുമുണ്ടെന്നുള്ള പരാതിയില്‍ യോഗകേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറ് പേര്‍ക്കെതിരേ ഇതിനകം ഉദയംപേരൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ കേന്ദ്രത്തിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും ഈ കേന്ദ്രത്തിനെതിരേ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. യുവതിയില്‍ നിന്ന് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മിഷന്‍ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിയ്ക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."