തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്റര്‍; പൊലിസിനെതിരേ വ്യാജ ആരോപണം ഉന്നയിക്കുന്നു: ഹില്‍പാലസ് സി.ഐ
കൊച്ചി: യോഗ സെന്ററിനെതിരായ ഹരജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ മുന്‍ജീവനക്കാരന്‍ കൃഷ്ണകുമാര്‍ പൊലിസിനെതിരേ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് സി.ഐ പി.എസ് ഷിജു ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കൃഷ്ണ കുമാറിനെ കള്ളക്കേസില്‍ കുടുക്കിയെന്ന വാദം തെറ്റാണെന്നു പൊലിസ് പറയുന്നു. യോഗ സെന്ററിലെ ശ്രുതി, ചിത്ര എന്നിവരുടെ വ്യാജ ശബ്ദരേഖ ചമച്ച് പ്രചരിപ്പിച്ചതിന് കൃഷ്ണകുമാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതു കള്ളക്കേസല്ല. ഹരജിക്കാരന്റെ മൊബൈല്‍, സിം കാര്‍ഡ് എന്നിവ പിടിച്ചെടുത്തുവെന്നു പറയുന്നത് ശരിയല്ല.
യോഗ സെന്ററിനെതിരേ പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാന്‍ പോയതല്ലാതെ താന്‍ അവിടെ പോയിട്ടില്ലെന്നും വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൃഷ്ണകുമാര്‍ തനിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വിശദീകരണത്തില്‍ പറയുന്നു.
യോഗ സെന്ററിനെതിരേ തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് നല്‍കിയ ഹരജിയില്‍ കക്ഷി ചേരാനാണ് കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ അപേക്ഷയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലിസ് വിവാദ യോഗ സെന്ററിന് ഒത്താശ ചെയ്യുകയാണെന്നും യോഗ സെന്ററിലെ മുന്‍ ജീവനക്കാരനായ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവുമെന്നും വ്യക്തമാക്കിയിരുന്നു.
അതേ സമയം വിവാദ യോഗ സെന്ററുമായി ബന്ധപ്പെട്ട ഹരജിയില്‍ കക്ഷി ചേരാന്‍ എറണാകുളം വൈറ്റില ആസ്ഥനമായുള്ള ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രിസ്തുമത വിശ്വാസികളായ അഞ്ചുപേരെ മതം മാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും ഇതുവരെ 1500 ലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്‌ലാം മതത്തിലേക്ക് മാറ്റി വിവാഹം കഴിപ്പിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ ആരോപിക്കുന്നു. മാത്രമല്ല, നൂറിലേറെ പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്നും മതം മാറ്റവുമായി ബന്ധപ്പെട്ട ഹരജിയില്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കാന്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
തെറ്റായ പ്രചരണമെന്ന് ആതിര
കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെക്കുറിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും തനിക്ക് ഈ കേസില്‍ കൂടുതല്‍ വസ്തുതകള്‍ വിശദീകരിക്കാനാവുമെന്നും കാസര്‍കോട് സ്വദേശിനി ആതിര ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷം പിന്നീട് ഹിന്ദുമതത്തിലേക്ക് മടങ്ങിയ ആതിര വിവാദ യോഗ സെന്ററുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വിവാദ യോഗ സെന്ററിലും സത്യസരണിയിലും അന്തേവാസിയായിരുന്ന തനിക്ക് അന്വേഷണ ഏജന്‍സിക്കും കോടതിക്കും പ്രയോജനകരമായി നിരവധി കാര്യങ്ങള്‍ വ്യക്തമാക്കാനാവുമെന്നും ആതിരയുടെ അപേക്ഷയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."