കാര്‍ഷിക രംഗത്ത് 'പ്രകാശം'പരത്തിയ കൃഷി ഓഫിസര്‍ക്ക് സംസ്ഥാന അവാര്‍ഡ്
തിരുവമ്പാടി: കുടിയേറ്റ കര്‍ഷകന്റെ കിതപ്പിനും കുതിപ്പിനും സാക്ഷ്യം വഹിച്ച തിരുവമ്പാടിയുടെ കൃഷി ഭൂമിയില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കര്‍ഷര്‍ക്ക് ഉണര്‍വ്വിന്റെയും നേട്ടത്തിന്റെയും പ്രകാശം പരത്തിയ കൃഷി ഓഫീസര്‍ പി. പ്രകാശിന് സംസ്ഥാന അവാര്‍ഡ്.
സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്തെ കൃഷി ഓഫീസര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ വിജ്ഞാന വ്യാപന പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡില്‍ ഒന്നാം സ്ഥാനമാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
ഓഗസ്റ്റ് പതിനാറിന് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന കാര്‍ഷിക ദിനാഘോഷ പരിപാടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. 2003 മുതല്‍ തിരുവമ്പാടി കൃഷി ഓഫീസില്‍ കൃഷി ഓഫീസറായി നിയമിതനായ ഇദ്ദേഹം തന്റെ പന്ത്രണ്ട് വര്‍ഷക്കാലം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ തിരുവമ്പാടിയിലെ കര്‍ഷകന്റെ മിത്രമായി മാറുകയായിരുന്നു.
മലയോരത്തെ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി സംസ്ഥാന കൃഷി വകുപ്പിന്റെയും മറ്റു ഏജന്‍സികളുടെയും പദ്ധതികള്‍ യഥാസമയം കര്‍ഷകരില്‍ എത്തിക്കാനായി ഇദ്ദേഹം മുന്നിട്ടിറങ്ങി. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവിനുള്ളില്‍ സംസ്ഥാന,ദേശീയ കര്‍ഷക അവാര്‍ഡുകള്‍ നിരവധി തവണ മലയോര ഗ്രാമത്തെ തേടിയെത്തി.
ആനക്കാംപൊയില്‍ മണ്ണു കുശുമ്പില്‍ എം.എം ഡൊമനിക്കിന് 2009-10ലെ ഏറ്റവും മികച്ച നാളികേര കര്‍ഷകനുള്ള കേര കേസരി അവാര്‍ഡ്, 2014-15 ലെ കര്‍ഷകോത്തമ അവാര്‍ഡ് ,2016 നാളികേര വികസന ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്, പുല്ലൂരാംപാറ തറക്കുന്നേല്‍ സാബു ജോസഫിന് 2016ലെ കര്‍ഷക ശ്രീ അവാര്‍ഡ് എന്നിവ ലഭിച്ചതിന് പിന്നിലെല്ലാം പ്രകാശിന്റെ കരങ്ങളുണ്ടായിരുന്നു.വിദ്യാലയ മുറ്റങ്ങളില്‍ പച്ചക്കറി കൃഷിക്കായി നിലമൊരുക്കി പുതുതലമുറക്ക് കൃഷിയുടെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയതും പ്രകാശിന് അഭിമാനിക്കാം. 2012ലുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷി നശമുണ്ടായവര്‍ക്ക് ഉടനടി സഹായമെത്തിക്കുന്നതിനായി കൃഷി ഓഫീസര്‍ നടത്തിയ പ്രവര്‍ത്തനം കര്‍ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
470 കര്‍ഷകര്‍ക്ക് ഒന്‍പതര ലക്ഷം രൂപയാണ് കാലതാമസമില്ലാതെ വിതരണം ചെയ്തത്. കോളിഫ്‌ളവറും കാബേജും മലയോരത്തും വിളയിക്കാമെന്ന് തെളിയിച്ച പി.പ്രകാശിനെ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. കോടഞ്ചേരി മൈക്കാവ് സ്വദേശിയാണ് പ്രകാശ്. ഭാര്യ: ഗ്ലോറി, മകന്‍: സ്റ്റീഫന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."