മാന്ദ്യമുണ്ടെന്ന് സാമ്പത്തിക ഉപദേശക സമിതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയും സമ്മതിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക തളര്‍ച്ചക്ക് കാരണമായി ഒട്ടേറെ കാര്യങ്ങളുണ്ട്. അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ മേഖലയുടെ പരിപോഷണത്തിനുമായി സമിതി കണ്ടെത്തിയ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് നീതി ആയോഗ് അംഗവും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനുമായ ബിബേക് ദെബ്രോയ് അറിയിച്ചു.
ആറുമാസത്തേക്ക് മുന്‍ഗണനാ നിര്‍ദേശങ്ങള്‍ തയാറാക്കും. പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണ് സമിതിയുടെ പ്രഥമമായ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിനായി അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പണം, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ സാമ്പത്തിക മേഖലയെ തളര്‍ത്തിയിട്ടുണ്ടെന്നും സമിതി പറയുന്നു. സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും സമിതി നിര്‍ദേശം നല്‍കുമെന്നും ദെബ്രോയ് പറഞ്ഞു.
ഇപ്പോഴത്തെ നിര്‍ണായകമായ പ്രതിസന്ധിയെക്കുറിച്ച് കൗണ്‍സില്‍ അടുത്ത മാസം വീണ്ടും ചര്‍ച്ച നടത്തും. ഇപ്പോള്‍ സമിതിയുടെ മുന്‍പിലുള്ള പ്രധാന ലക്ഷ്യം അടുത്ത വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച കാര്യങ്ങളാണ്. ബജറ്റ് തയാറാക്കുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പരസ്പര സഹകരണത്തോടെയും കൂടിയാലോചനയിലുമാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വായ്പാ നയത്തെക്കുറിച്ച് ഇതുവരെ വിലയിരുത്തിയിട്ടില്ല. എന്നാല്‍ ആര്‍.ബി.ഐയുമായി ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്യും.
എന്നാല്‍ ഇത് സമിതിയുടെ പരിധിയിലോ പ്രഥമമായതോ ആയ കാര്യമല്ല. അവരുടെയെല്ലാം ശുപാര്‍ശകള്‍ ധനമന്ത്രാലയത്തിനാണ് സമര്‍പ്പിക്കുന്നത്. ഉപദേശക സമിതിയുടെ ചുമതല പ്രധാനമന്ത്രിക്കു മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."