ജര്‍മനിയും ഗ്വിനിയയും കൊച്ചിയില്‍; ജീവന്മരണ പോരാട്ടം നാളെ
കൊച്ചി: ലാറ്റിനമേരിക്കന്‍ മനോഹാരിത സമ്മാനിച്ച് ബ്രസീലും ആഫ്രിക്കന്‍ അത്ഭുതമായ നൈജറും ഗോവയിലേക്ക് പറന്നു. കൊച്ചിയിലെ കളി മൈതാനത്ത് പന്ത് തട്ടാന്‍ ജര്‍മനിയും ഗ്വിനിയയും പറന്നിറങ്ങി. ഗ്രൂപ്പ് സിയിലെ അവസാന അങ്കത്തിനായാണ് ജര്‍മനിയും ഗ്വിനിയയും കൊച്ചിയില്‍ എത്തിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനാണ് ജര്‍മനിയും ഗ്വിനിയയും തമ്മിലുള്ള പോരാട്ടം. ചൊവ്വാഴ്ച മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ ഇറാനില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന്റെ ക്ഷീണവുമായാണ് ജര്‍മനിയുടെ വരവ്. വൈകിട്ട് ആറിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാനം വൈകിയതോടെ രാത്രി എട്ടോടെയാണ് ഇരു ടീമുകളും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.
എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇറാന് മുന്നിലെ ജര്‍മനിയുടെ വമ്പന്‍ തോല്‍വി. കിരീട പ്രതീക്ഷ ഉയര്‍ത്തുന്ന ടീമുകളില്‍ ഒന്നായ ജര്‍മനിക്ക് ഇറാനില്‍ നിന്നേറ്റ കനത്ത പ്രഹരം അപ്രതീക്ഷിതവും അമ്പരിപ്പിക്കുന്നതുമായി. ഗ്രൂപ്പ് സിയിലെ ആദ്യ പോരാട്ടത്തില്‍ ജര്‍മനി കോസ്റ്റ റിക്കയെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. ഗ്വിനിയ - കോസ്റ്റ റിക്ക പോരാട്ടം 2-2 ന് സമനിലയിലും കലാശിച്ചു.
പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. സമനില പോലും ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് മങ്ങലേല്‍പ്പിക്കും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജര്‍മനിയുടെ ഗോള്‍ സമ്പാദ്യം രണ്ടാണ്. വാങ്ങിയതാകട്ടെ അഞ്ച് ഗോളുകളും. ഗ്വിനിയക്ക് ജര്‍മനിയെ അട്ടിമറിക്കാനായാല്‍ കോസ്റ്റ റിക്കയെ സമനിലയില്‍ കുരുക്കി നേടിയ ഒരു പോയിന്റിന്റെ ആനുകൂല്യവുമായി ഇറാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് പോകാം. ഗ്വിനിയക്ക് മുന്നില്‍ കീഴടങ്ങുകയും ഇറാനെ വലിയ മാര്‍ജിനില്‍ കോസ്റ്റ റിക്ക മറികടന്നാലും ജര്‍മനിയുടെ ടൂര്‍ണമെന്റിലെ നിലനില്‍പ്പ് തുലാസിലാകും. മൂന്നാം സ്ഥാനക്കാരിലെ മികച്ച ടീമായി പോലും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനാവില്ല. കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ ഒന്നായി ഇന്ത്യയിലേക്ക് വന്ന ജര്‍മനിക്ക് കൊച്ചിയിലെ മത്സരം ജീവന്മരണ പോരാട്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."