മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം: സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:മാര്‍ത്താണ്ഡം കായല്‍ നികത്തുന്നത് തടയണമെന്നും സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
നികത്തിയ മണ്ണ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യു വകുപ്പ് ഉറപ്പുവരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.10 ദിവസത്തിനു ശേഷം കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
കായല്‍ കൈയേറ്റത്തില്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നു ചൂണ്ടിക്കാട്ടികൈനകരി ഗ്രാമപഞ്ചായത്തംഗം ബികെ വിനോദ് നല്‍കിയ ഹരജിയിലാണ് കോടതി ഇന്നലെ സര്‍ക്കാരിനോടു വിശദീകരണം തേടിയത്.
മന്ത്രിയുടെ കമ്പനി കായല്‍ കൈയേറിയെന്നു കൈനകരി നോര്‍ത്ത് വില്ലേജ് ഓഫിസറുടെയും കുട്ടനാട് തഹസില്‍ദാറുടെയും റിപ്പോര്‍ട്ടുകളിലുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ നഗരസഭയും നടപടിയെടുത്തിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റാംസര്‍ മേഖലയായ കുട്ടനാട്ടിലാണ് മാര്‍ത്താണ്ഡം കായല്‍. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റ ബാങ്കില്‍ കൈയേറ്റ ഭൂമി ഉള്‍പ്പെടുത്താന്‍ പ്രാദേശികതല മോണിറ്ററിങ് കമ്മിറ്റിക്ക് നിവേദനം നല്‍കിയിട്ടും തോമസ് ചാണ്ടിയുടെ സ്വാധീനത്തെത്തുടര്‍ന്ന് നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."