വേങ്ങര: കൂട്ടിയും കിഴിച്ചും മുന്നണികള്‍
മലപ്പുറം: തീപാറുന്ന പോരാട്ടത്തിനൊടുവില്‍ വോട്ടുശതമാനം ഉയര്‍ന്ന വേങ്ങരയില്‍ വിജയ സാധ്യത വിലയിരുത്തി മുന്നണികള്‍. ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ വേങ്ങരയില്‍ ഇന്നലെ വിലയിരുത്തല്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബൂത്ത്തലങ്ങളില്‍നിന്നു ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയസാധ്യത വിലയിരുത്തിയത്.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ശതമാനം നിലനിര്‍ത്തുമെന്ന് വിലയിരുത്തി. വോട്ട് ദിവസമുണ്ടായ സോളാര്‍ വിവാദം യാതൊരു തരത്തിലും നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.
2016 ലെ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 38057 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണവും വോട്ടു ശതമാനവും കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നതും ലീഗിന് പ്രതീക്ഷ നല്‍കുന്നു.
മണ്ഡലത്തിലെ വിജയസാധ്യതയെ കുറിച്ച് പറയുന്നില്ലെങ്കിലും മികച്ച പ്രചാരണം കാഴ്ചവയ്ക്കാനായെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. വോട്ടെടുപ്പ് നടന്ന ബുധനാഴ്ച രാത്രിയോടെ മുഴുവന്‍ ബൂത്തുകളില്‍നിന്നും പാര്‍ട്ടി നേതൃത്വം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഞായറാഴ്ച ഫലം പുറത്തുവരും എന്നിരിക്കെ പ്രത്യേകം അവലോകന യോഗം വിളിച്ചുചേര്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ് ജില്ലയിലെ സി.പി.എം നേതൃത്വം. മണ്ഡലത്തില്‍ നടന്ന ശക്തമായ മത്സരമാണ് പോളിങ് ശതമാനം ഉയരാന്‍ കാരണമെന്ന് പറഞ്ഞ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് ലീഗ് കോട്ടയാണെന്ന് കരുതി മുന്‍കാലങ്ങളില്‍ പോള്‍ ചെയ്യാതിരുന്ന വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്ക് ലഭിച്ചുവെന്നും പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7055 വോട്ട് നേടി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ ഇത്രയും വോട്ട് പ്രതീക്ഷിക്കുന്നില്ല.
കൂട്ടിയും കിഴിച്ചുമുള്ള മുന്നണികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിലയിരുത്തലുകള്‍ക്ക് ഞായറാഴ്ച 11 മണിയോടെ അറുതിയാകും. മണ്ഡലത്തിന് പുറത്തുള്ള തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."