പാനമ അഴിമതി പുറത്തു കൊണ്ടു വന്ന സംഘത്തിലെ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു
മാള്‍ട്ടാസ്: അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയായ ഡാഫ്‌നെ കരോണ ഗലീസ(53) കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിക്ക് കാരണമായ പാനമയുള്‍പെടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ നിരവധി അഴിമതി കേസുകള്‍ പുറത്തു കൊണ്ടു വന്നയാളാണ് ഗലീസ. തിങ്കളാഴ്ചയാണ് സംഭവം. മാള്‍ട്ടാസ് പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് ഇക്കാര്യം സ്ഥിരീകരിച്ചു.
മോസ്റ്റയിലെ വീട്ടില്‍ നിന്നും വാലെറ്റയിലേക്ക് പോകുന്നതിനിടെയായിരുന്നു സ്‌ഫോടനം. കരോണയുടെ കാറില്‍ ബോംബ് സ്ഥാപിച്ചിരുന്നതായാണ് വിവരം. കരോണ ഗലീസയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാനമ ആസ്ഥാനമായുള്ള 'മൊസാക് ഫൊന്‍സേക'യുടെ സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സാണ് പുറത്തുകൊണ്ടുവന്നത്. ഇത് വിവിധ മാധ്യമങ്ങളിലൂടെ അവര്‍ പുറത്തുവിട്ടു.
കരോണ ഗലീസയുടെ റണ്ണിങ് കമന്ററി എന്ന ബ്ലോഗ് മാള്‍ട്ട രാഷ്ട്രീയത്തെ പലപ്പഴും പിടിച്ചുലച്ചിട്ടുണ്ട്. തന്റെ ബ്ലോഗ് വഴി പുറത്തുവിട്ട അഴിമതി വിവരങ്ങള്‍ മാള്‍ട്ടയിലെ ഭരണകൂടത്തെ ആകെ ഉലച്ചു. പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിനും ഭാര്യയ്ക്കുമെതിരായ വിവരങ്ങളാണ് കരോണ ഒടുവില്‍ പുറത്തുവിട്ടത്.
നിരവധി തവണ അവര്‍ ഭീഷണി നേരിട്ടിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കരോണ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കരോണയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ മാത്യു കരോണ ഗലീസ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."