വേങ്ങരയില്‍ പരമ്പരാഗത വോട്ടുകള്‍ നേടി; വോട്ടുകള്‍ നഷ്ടപ്പെട്ടത് ജില്ലാ കമ്മിറ്റി അന്വേഷിക്കും
കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ മുഴുവന്‍ നേടിയതായി ലീഗ് വിലയിരുത്തല്‍. കോഴിക്കോട്ട് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വേങ്ങര ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞിലികുട്ടി എം.പിയും ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. വേങ്ങരയില്‍ ലീഗ് വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. 2009 ല്‍ 23,000ത്തോളം വോട്ടുകളാണ് വേങ്ങരയില്‍ ലീഗിന് ലഭിച്ചത്. കഴിഞ്ഞ ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെ അപേക്ഷിച്ച് ഇരുപതിനായിരത്തോളം വോട്ടുകള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതുപോലും ചര്‍ച്ചയാവുന്നത് ലീഗിന്റെ ശക്തിയാണ് തെളിയിക്കുന്നതെന്നും തെരെഞ്ഞെടുപ്പില്‍ കാബിനറ്റ് മുഴുവന്‍ വേങ്ങരയിലെത്തിയിട്ടും ഇത്രയേ ചെയ്യാന്‍ സാധിച്ചിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. എന്തിനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടു മറച്ചുവയ്ക്കുന്നതെന്നും സോളാര്‍ രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാറിനെ രാഷ്്ട്രീയമായി തന്നെ നേരിടും. കേരളത്തിലും കേന്ദ്രത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ബി.ജെ.പി മുന്നണിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും യു.ഡി.എഫ് ജാഥ വിജയിപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുസമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."