കോലാഹലം എന്തിന്?
മതം മാറ്റം എപ്പോഴാണ് ലോകാപരാധമായത്. ഹാദിയക്ക് വധശിക്ഷയാണ് ചിലര്‍ വിധിച്ചത്. മറ്റ് ചിലരാകട്ടെ ഹാദിയയെ വിപണി വസ്തുവാക്കി ധനക്കൊയ്ത്തും നടത്തി.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മാത്രം എത്രയോ പേര്‍ മതം മാറിയിരിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു, ക്രിസ്ത്യന്‍, നിരീശ്വരവാദികള്‍ക്കൊപ്പം ജീവിതം തെരഞ്ഞെടുക്കുന്നു. മറിച്ചും സംഭവിക്കുന്നു. ആതിരയും അഖിലയും മാത്രം എങ്ങനെയാണ്, ആരാണ് വാര്‍ത്തയാക്കിയത്.
തീര്‍ച്ചയായും ഇതിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ട്. ഇല്ലെന്ന് കരുതാനാണ് മോഹമെങ്കിലും സാഹചര്യത്തെളിവുകള്‍ അനുവദിക്കുന്നില്ല.
ഒരു അഖില വന്നുകിട്ടിയാല്‍ പൂര്‍ണമാവുന്നതാണോ ഇസ്‌ലാം സമാജം. അഖിലയെ പിറകെ നടന്ന് പ്രണയിക്കുമ്പോള്‍ മതസംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ മറന്നവരെങ്ങനെയാണ് മതവികാരത്തിന്റെ ആള്‍രൂപമായി മാറുന്നത്.
ഒരു സമുദായത്തെ വേട്ടയാടാന്‍ ആയുധം കാണിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ വായിക്കാനാവുന്നത്? ഉടനെയത് വാര്‍ത്തയാക്കി വിഭ്രമം സൃഷ്ടിച്ച് ചാനല്‍ സാന്നിധ്യം അറിയിക്കുന്ന മാധ്യമപ്രവര്‍ത്തനവും യാദൃശ്ചികമെന്ന് പറയാനാവില്ല.
മതം മാറുന്നതിന് മനുഷ്യര്‍ക്ക് കാരണം വേണ്ട. വിശ്വാസിയായ എത്രയോ പേര്‍ അവിശ്വാസിയാവുന്നു. ഇതെങ്ങനെ തടയും? എന്തിന് തടയണം.
മാതാപിതാക്കളുടെ വഴിയിലൂടെയും അല്ലാതെയും സഞ്ചരിക്കുന്നവര്‍ കാണും. അതൊക്കെ എങ്ങനെയാണ് ഇന്ന് കാണുന്നവിധം വികലമാക്കി അവതരിപ്പിക്കുന്ന അവസ്ഥ കൈവരിച്ചത്?
ഹാദിയയുടെ മാതാപിതാക്കള്‍ക്ക് തീരുമാനം ഇഷ്ടപ്പെടാതിരിക്കുന്നത് സ്വാഭാവികം. അത് തടയാന്‍ നടത്തുന്ന നീക്കവും ശ്രമങ്ങളും തഥൈവ. എന്നാല്‍, അവിടെ കാവിവല്‍കൃത ഇടപെടലുകള്‍ക്ക് വാതില്‍ തുറന്നതാരാണ്? 'ഹാദിയ'യെ ഒരു ഇരയും ഉപകരണവുമാക്കുകയായിരുന്നു. ചിലര്‍ക്കത് വര്‍ഗീയ വിത്തിറക്കാനുള്ള പ്രണയമായി. മറ്റു ചിലര്‍ക്കത് പണം വാരാനുള്ള രസീതുമായി. ഏത് മതത്തിനാണിവിടെ ആള്‍ ദാരിദ്ര്യം അനുഭവപ്പെടുന്നത്. ഇന്ത്യയിലെ എല്ലാവരും ഇന്ത്യക്കാരാവുകയല്ലാതെ ഹിന്ദുക്കളാവണമെന്ന് വാശി പിടിപ്പിക്കുന്ന ചിന്ത എത്ര പ്രാകൃതമാണ്. മറിച്ചും അങ്ങനെ തന്നെ.
മതവിശ്വാസങ്ങള്‍ അതിന്റെ വഴിക്ക് വിടണം. മക്കളെ കൈവിട്ടുപോകാതിരിക്കാനുള്ള കരുതല്‍ മാതാപിതാക്കള്‍ കാണിക്കണം. ഒരു പൊതുസമൂഹത്തില്‍ പ്രത്യേകിച്ചും തുറന്ന സമൂഹത്തില്‍ സാധാരണ സംഭവിക്കുന്നതാണ് പ്രണയങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും സംഭവിക്കുന്നു.
തന്നെക്കാള്‍ പ്രായമുള്ള ഇണയെ വരിച്ച ലോക ഭരണാധികാരികള്‍ വര്‍ത്തമാന വായനയിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ദലിതനായ കെ.ആര്‍ നാരായണന്‍ ഒരു വൈദേശിക വനിതയെ ഇഷ്ടപ്പെട്ട് കെട്ടിക്കൊണ്ട് വന്നപ്പോള്‍ ആര്‍ക്കെങ്കിലും നെറ്റി ചുളിഞ്ഞിരുന്നോ.
രാജീവ്ഗാന്ധി ഇറ്റലിയില്‍ നിന്ന് സോണിയയെ കൊണ്ടുവന്നപ്പോഴും ഇന്ത്യക്ക് ഞെട്ടേണ്ടിവന്നിട്ടില്ല. സോണിയ ക്രിസ്ത്യാനിയും രാജീവ് കശ്മിരി ബ്രാഹ്മണ ഹിന്ദുവുമായിരുന്നല്ലോ.
പ്രണയം പോലും വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന കാടത്തം കടന്ന കൈയാണ്. ലൗ ജിഹാദ് എന്നാല്‍ പ്രണയയുദ്ധം എന്നാണ്. മനോഹരമായ വാക്ക്. തീവ്രപ്രണയത്തിന് ഇത് ചേരും. എന്നാല്‍, കാപട്യം മറച്ചുവച്ച് വെട്ടില്‍ വീഴ്ത്തി ചാരിത്ര്യം അപഹരിച്ച് മതംമാറ്റാന്‍ നടത്തുന്നതിനാണ് ഈ പേരെന്ന് കേട്ടാല്‍ ആര്‍ക്കാണ് ഗ്രാഹ്യമാവുക.
ഇത്തരം പ്രണയക്കാര്‍ക്ക് ജീവിതം വേണ്ടേ. അവര്‍ കാലാകാലം ഇരുമേനി എന്ന പോലെ ഇരുമനസ്സായിട്ടാണോ കഴിയേണ്ടത്. അശാസ്ത്രീയവും അജൈവവുമായ ഒരു സങ്കല്പം മാത്രമാണ് ലൗ ജിഹാദ്. സംഘ്പരിവാര്‍ ശക്തികള്‍ സമര്‍ഥമായി പ്രചരിപ്പിക്കാന്‍ കടംകൊണ്ട അര്‍ഥമില്ലാത്ത അപകടകരമായ ഒരാശയം മാത്രമാണത്.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി കോടതിക്ക് മുമ്പില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും മാധ്യമങ്ങള്‍ വിടാന്‍ ഭാവമില്ല.
ഇത്തരം സംഭവങ്ങള്‍ വാസ്തവത്തില്‍ മനുഷ്യമനസ്സില്‍ വളര്‍ത്തിയത് മലിന ചിന്തകളാണെന്നതില്‍ തര്‍ക്കമില്ല. അനേക കാലങ്ങള്‍ വിവിധ സമുദായങ്ങള്‍ കലഹിക്കേണ്ടിവന്ന അവസ്ഥ ഉണ്ടാവരുതായിരുന്നു. തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിലെത്തിച്ച് തല്ലിയും തൊഴിച്ചും തിരിച്ചുകൊണ്ടുപോകാന്‍ നടത്തുന്ന നീക്കങ്ങളും അപഹാസ്യമാണ്. ഇഷ്ടമുള്ളവരെ വരിച്ച് ഇഷ്ടമുള്ള വിശ്വാസം സ്വീകരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആശയം വാസ്തവത്തില്‍ ഹൈന്ദവാശയമാവുന്നില്ലല്ലോ?
ബുദ്ധന്‍, ജൈനന്‍, ഗുരുനാനാക്ക് അങ്ങനെ എത്ര പേര്‍ മറ്റാശയം രൂപപ്പെടുത്തി എടുത്തു. അനേക കോടികള്‍ ഈ ദര്‍ശനങ്ങളുടെ അനുയായികളായി. അതുകൊണ്ട് ഇന്ത്യയില്‍ ഹിന്ദുദര്‍ശനം ഒലിച്ചുപോയിട്ടില്ലല്ലോ. ഒരു അഖിലക്കുവേണ്ടി ഇത്ര വലിയ കോലാഹലം ഒരു ജനതയെ നെടുകെ പിളര്‍ത്തി ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി മാത്രമാണെന്നത് തിരിച്ചറിയുന്ന മുറക്ക് കോലാഹലം അവസാനിക്കും.
അവിശ്വാസവും യഥാര്‍ഥത്തില്‍ ഒരു വിശ്വാസമാണ്. ധാരാളം നിരീശ്വരവാദികള്‍ ദൈവവിശ്വാസികള്‍ക്കൊപ്പം കുടുംബജീവിതം നയിക്കുന്നുണ്ട്. ഒരു വീട്ടില്‍ തന്നെ പല വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ ഒന്നിച്ച് കഴിയുന്നു. അതൊക്കെ അംഗീകരിക്കുന്നവര്‍ ഒരഖിലയും ആതിരയും മതം മാറിക്കൂടെന്ന് നിര്‍ബന്ധം പിടിക്കുന്നതാണ് മനസ്സിലാവാത്തത്. ഒരു കാര്യം ഉറപ്പ്.
ആരൊക്കെ എന്തൊക്കെ കോലാഹലം ഉണ്ടാക്കിയാലും സത്യാന്വേഷണവും സ്വയം തെരഞ്ഞെടുക്കുന്ന വിശ്വാസവും സ്വീകരിക്കുന്നവരെ തടയാനാവില്ല. അഥവാ തടഞ്ഞാലത് നിര്‍ത്താനുമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."