ഓണ്‍ യുവര്‍ മാര്‍ക്
പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സത്തിലെ മത്സരങ്ങള്‍ ഇന്ന് രാവിലെ ഏഴ് മണിക്ക് സിന്തറ്റിക് ട്രാക്കില്‍ ആരംഭിക്കും. സീനിയര്‍ ബോയിസ് അണ്ടര്‍ 19 വിഭാഗം 5000 മീറ്റര്‍ ഫൈനല്‍ മത്സരമാണ് ആദ്യ ഇനം. ഇന്ന് 18 ഫൈനലുകള്‍ അരങ്ങേറും.
ഇന്ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 9.20ന് മത്സരങ്ങള്‍ പുനരാരംഭിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് കായികോത്സവത്തിന്റെയും സ്റ്റേഡിയത്തിന്റെയും ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കനത്ത സുരക്ഷ
ഇന്ന് മുതല്‍ നഗരത്തിലുടനീളം പൊലിസ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്റ്റേഡിയവും പരിസരവും ട്രാക്കിലേക്കുള്ള പ്രവേശന കവാടങ്ങളും പൊലിസ് നിയന്ത്രണത്തിലായിരിക്കും.
പ്ലാസ്റ്റിക് നിരോധിത ഭക്ഷണശാല
രാവിലെ 5.30 ന് ഭക്ഷണശാല പ്രവര്‍ത്തിച്ചു തുടങ്ങും. രാവിലെ 6.30ന് കളിക്കളത്തിലേക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് വേണ്ടിയാണ് വെളുപ്പിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റീല്‍ പ്ലെയിറ്റും ഗ്ലാസുമാണ് ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കുക. 4000 പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന വലിയ ഭക്ഷണശാലയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 5.30ന് പാല്, മുട്ട, പഴം. ഏഴിന് ഉപ്പുമാവ്, പഴം, ചായ, 10.30ന് ചായയും സ്‌നാക്‌സും, 12.30ന് ഊണ്‍(അവിയല്‍, സാമ്പാര്‍, പുളിശ്ശേരി, പായസം), മൂന്നിന് ചായയും സ്‌നാക്‌സും. രാത്രി ഏഴിന് അത്താഴം വെജിറ്റേറിയനും നോണ്‍ വെജും.
രജിസ്‌ട്രേഷന്‍ കൗണ്ടര്‍, മീഡിയ റൂം
സ്റ്റേഡിയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ മീഡിയ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടത്തി. മത്സര ഫലങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നതിന് ഐ.ടി അറ്റ് സ്‌കൂള്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കായിക താരങ്ങളുടെയും ഒഫിഷ്യലുകളുടെയും രജിസ്‌ട്രേഷനുള്ള കൗണ്ടര്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ കഴിയും വരെ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ട്.
ദീപശിഖയെ നഗരം വരവേറ്റു
ദീപശിഖ പാലായില്‍ എത്തി. ഇക്കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നിന്ന് ഒളിംപ്യന്‍ ഇര്‍ഫാന്‍ കൊളുത്തിയ ദീപശിഖ ഇന്നലെ പൂഞ്ഞാര്‍ ജി.വി രാജ സ്മാരകത്തില്‍ നിന്ന് പ്രയാണമാരംഭിച്ചു.
ജി.വി രാജയുടെ സഹോദരി കൈമാറിയ ദീപശിഖ മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും സ്വീകരണം ഏറ്റുവാങ്ങി പാലാ കൊട്ടാരമറ്റത്ത് എത്തിച്ചു. കൊട്ടാരമറ്റം ജംഗ്ഷനില്‍ നിന്ന് നഗരം ഒന്നടങ്കം ഏറ്റുവാങ്ങിയാണ് ദീപശിഖയെ വരവേറ്റത്. ഒളിംപ്യന്‍ ഷൈനി വില്‍സണും ജോസി പൊരുന്നോലിലും വില്‍സണ്‍ ചെറിയാനും ഉള്‍പ്പെടെയുള്ള ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."