മതേതര സംരക്ഷണത്തിന് യുവതലമുറ രംഗത്തിറങ്ങണം: ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ
ആലുവ: വിവിധ മത-ജാതി വിഭാഗങ്ങളില്‍ അവിശ്വാസം വളര്‍ത്തുന്നതിനും ഭിന്നിപ്പിക്കുന്നതിനും ഛിദ്രശക്തികള്‍ ശ്രമം തുടരുമ്പോള്‍ അതിനെതിരെ പരസ്പര വിശ്വാസവും ഐക്യവും സൃഷ്ടിക്കുവാന്‍ യുവതലമുറ രംഗത്തിറങ്ങണമെന്ന് ജില്ലാ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.
വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കുന്നതിന് ജില്ലാ ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രചോദനം-2016 സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസത്തിലൂടെ കൈവരിക്കുന്ന നേട്ടങ്ങള്‍ വ്യക്തിപരമായി മാത്രം ഉപയോഗപ്പെടുത്താതെ സമൂഹവുമായി പങ്കുവയ്ക്കണം. മതേതര ഇന്ത്യക്കു മേല്‍ പരമതവിദ്വേഷത്തിന്റെ കാര്‍മേഘപടലം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് ഈ ഭീഷണിയെ ഫലപ്രദമായി മറികടക്കാന്‍ കഴിയുമെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് ഇതരമതവിശ്വാസികളെ ദ്രോഹിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ മതമൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ ഒരമ്മ പെറ്റ മക്കളെ പോലെ നമുക്ക് ജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മഹനാമി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അബ്ദുള്ള സ്വാഗതം പറഞ്ഞു. പ്ലസ്ടു പുരസ്ക്കാരങ്ങള്‍ അന്‍വര്‍സാദത്ത് എം.എല്‍.എ.യും സിബിഎസ്ഇ പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി.എ.അബ്ദുള്‍ മുത്തലിബും എസ്എസ്എല്‍സി പുരസ്കാരങ്ങള്‍ കുഴിക്കാട്ടുകര ജമാഅത്ത് പ്രസിഡന്റ് കെ.എം.കുഞ്ഞുമോനും വിതരണം ചെയ്തു.
സമസ്ത മുശാവറ അംഗം ഹസ്സന് ഫൈസി, ആലുവ താലൂക്ക് ജമാഅത്ത് കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.കെ.സിദ്ദിഖ്, എടത്തല ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എം.അബൂബക്കര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് എ.കെ.സലീം മദ്രസ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.എ.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കൗണ്‍സില്‍ ആലുവ താലൂക്ക് പ്രസിഡന്റ് പി.എം.നാദിര്‍ഷ നന്ദി പറഞ്ഞു.
കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എ.സെയ്ദുമുഹമ്മദ്, അക്സര്‍ മുട്ടം, എം.എസ്.ഹാഷിം, സി.കെ.ബീരാന്, നാസര്‍ മുട്ടത്തില്‍, സെയ്തുകുഞ്ഞ് പുറയാര്‍, ശിഹാബ് കോട്ടിലാന്‍, സുഫീര്‍ ഹുസൈന്, അബ്ദുല്ല ഇസ്ലാമിയ, നസീര്‍ കൊടികുത്തുമല എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."