സഊദിയില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ 'ശിലാ കവാടങ്ങള്‍' കണ്ടെത്തി; ദുരൂഹമെന്ന് ഗവേഷകര്‍
റിയാദ്: സഊദിയില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിഗൂഡമായ 'ശിലാ കവാടങ്ങള്‍' കണ്ടെത്തി. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആര്‍ക്കിയോളജി പ്രഫസര്‍ ഡേവിഡ് കെന്നഡിയാണ് നിഗൂഢതകള്‍ നിറഞ്ഞ ചരിത്ര സത്യം വെളിപ്പെടുത്തിയത്.
ഗൂഗിള്‍ എര്‍ത്ത് വഴിയാണ് അഗ്‌നി പര്‍വ്വതത്തിന്റെ അരികുകളില്‍ നാന്നൂറോളം ശിലാ നിര്‍മിതികള്‍ കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരെ പോലും അമ്പരപ്പിക്കുന്ന ഇവക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ശിലാ നിര്‍മിതി ദുരൂഹമായതാണെന്നുമാണ് ചരിത്രകാരന്മാര്‍ പ്രവചിക്കുന്നത്. ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന് ഒരുവിഭാഗം ആര്‍ക്കിയോളജിസ്റ്റുകള്‍ വിശ്വസിക്കുന്നു.
സഊദി അറേബ്യയിലെ പടിഞ്ഞാറന്‍ ഹാരാത്ത് ഖൈബര്‍ റീജിയണിലെ അഗ്‌നിപര്‍വതത്തിന്റെ മുകള്‍ഭാഗത്തായാണ് ഈ ഗേറ്റുകള്‍ കണ്ടെത്തിയത്. കൂറ്റന്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയാണ് ഈ നിര്‍മ്മിതികള്‍. ഒരു ഫുട്‌ബോള്‍ മൈതാനത്തെക്കാള്‍ നാലിരട്ടി വലിപ്പമുള്ള ഗേറ്റുകള്‍പോലും ഇക്കൂട്ടത്തിലുണ്ട്. ഏഴായിരം വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ അഭിപ്രായം. മുകളില്‍നിന്ന് നോക്കുമ്പോള്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയായതുകൊണ്ടാണ് ഇവയെ ഗേറ്റുകളെന്ന് വിളിക്കുന്നത്. ഇവയെന്തിനാണ് നിര്‍മ്മിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്.
എന്നാല്‍, കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഏകദേശം 9000 വര്‍ഷം പഴക്കമുള്ളവയാണിതെന്നും നിയോലിത്തിക് കാലത്തിനും അപ്പുറത്താണിതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സമാനമായവ വടക്കന്‍ സിറിയ മുതല്‍ യമന്‍ വരെയുള്ള ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ' ലാവ പ്രവാഹ ഭൂമികകളില്‍ കാണാനിടയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ആവാസയോഗ്യമല്ലാത്ത ലാവയൊഴുകുന്ന മേഖലകളിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളതെന്ന് അറേബ്യന്‍ ആര്‍ക്കിയോളജി ആന്‍ഡ് എപ്പിഗ്രാഫി ജേണലില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ഈ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന നിര്‍മ്മാണങ്ങളാണിവയെന്ന് ഡേവിഡ് കെന്നഡി പറയുന്നു. 13 മീറ്റര്‍ നീളമുള്ളവ തൊട്ട് 518 മീറ്റര്‍ നീളമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. അഗ്‌നിപര്‍വതം ആദ്യമായി പൊട്ടിത്തെറിച്ചതിന് മുന്നെ നിര്‍മ്മിച്ചതാകാം ഇവയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇവയുടെ ഉദ്ദേശമെന്തെന്ന് നിര്‍ണയിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ വിശദീകരണങ്ങള്‍ 'അറേബ്യന്‍ ആര്‍ക്കിയോളജി ആന്റ് എപിഗ്രാഫിയില്‍' ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ഗവേഷക സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."