പിന്നെയും പിന്നെയും ഡിസ്‌കവറി ഓഫ് ഇന്ത്യ
മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജയിലില്‍ കിടന്ന 1942-1946 കാലത്താണ് നെഹ്‌റു The Discovery of India എഴുതുന്നത്. അതിനും ഒരു ദശകം മുന്‍പ് മുല്‍ക്‌രാജ് ആനന്ദ് Coolie എഴുതിക്കഴിഞ്ഞിരുന്നു. ഇന്ത്യ സ്വതന്ത്രയായ കൊല്ലമാണ് തകഴി 'തോട്ടിയുടെ മകന്‍' പ്രസിദ്ധപ്പെടുത്തിയത്. പിറക്കാനിരിക്കുന്ന രാജ്യത്തിനു ശുചീകരണം ഒരു ഒഴിയാബാധയായിരിക്കും എന്നറിയാവുന്നവര്‍ തങ്ങളുടെ രംഗങ്ങളില്‍ അതിനുള്ള ശ്രമത്തിലായിരുന്നു ആ കാലത്തെന്നു ചുരുക്കം.
ജനിക്കാനിരിക്കുന്ന പുതിയ ഇന്ത്യക്ക് ഗാന്ധി മതിയാകില്ല എന്നു നന്നായി അറിഞ്ഞിരുന്ന ഒരാളായിരിക്കണം നെഹ്‌റു. അതുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞു ഒരവസരം കിട്ടിയപ്പോള്‍ അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള വഴി രേഖപ്പെടുത്താമെന്നു വച്ചത്. അങ്ങനെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ കാട്ടിക്കൊടുക്കുന്ന കൃതി അദ്ദേഹം ജയിലില്‍ കിടന്നു പൂര്‍ത്തിയാക്കി. നാടുവാഴിത്തം, ജാതി വ്യവസ്ഥ, ബ്രാഹ്മണ്യം തുടങ്ങിയ ജനാധിപത്യവിരുദ്ധമായ ആശയങ്ങളിലേക്കു ജീര്‍ണിച്ചു മടങ്ങാനിടയുള്ള ഒരു സമൂഹത്തിനു വേണ്ടിയുള്ള മുന്‍കൂര്‍ ശുചീകരണമായിരുന്നു ആ ഗ്രന്ഥം എന്നിപ്പോള്‍ പ്രത്യേകം പറയേണ്ടതില്ല. ചരിത്രത്തെ ക്രമീകരിച്ചു കൊണ്ട്, പലതിനെയും ബലപ്പെടുത്തി, ചിലതിനെ ദുര്‍ബലപ്പെടുത്തി ആധുനികമായ ഒരിന്ത്യയെ വിഭാവനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹത്തായ ഭാരതീയ സംസ്‌കാരത്തില്‍ വൃത്തിയാക്കുന്നവര്‍ക്കും വൃത്തികേടാക്കുന്നവര്‍ക്കും വേറെ വേറെ ജാതിയാണല്ലോ എന്ന ദുഖമാണ് തകഴിയുടെ തോട്ടിയുടെ മകനായത്. നവജാത രാജ്യം മാനവികതാ വിചാരങ്ങളുടെ കുപ്പത്തൊട്ടിയാകരുതെന്ന് ഇവര്‍ക്കൊക്കെ നിര്‍ബന്ധമുണ്ടായിരുന്നു. ഫിക്ഷനിലും നോണ്‍ ഫിക്ഷനിലും അന്നതിനായിരുന്നു യത്‌നം. ഭൂതകാലത്തുനിന്നു ചരിത്രം വെട്ടിത്തെളിച്ചെടുക്കുകയും വര്‍ത്തമാനകാലത്തതിനെ സന്നിഹിതമാക്കുകയും ഭാവിയിലേക്കതിനെ സൂക്ഷിക്കുകയുമായിരുന്നു ഒട്ടുവളരെ പേര്‍. പുരോഗതിയിലേക്കും വംശഹത്യയിലേക്കും ഒരേസമയം ആയുന്ന, രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ വിഹിതം ആര്‍.എസ്.എസിനെ ഏല്‍പിക്കുന്ന ഒരു കാലം അവരൊക്കെ മുന്‍കൂട്ടിക്കണ്ടിരിക്കാം.
പോയവാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ ഒരു സമ്മേളനം നടന്നു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും എന്നതായിരുന്നു വിഷയം. മുഖ്യപ്രഭാഷകന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ ചെയര്‍മാന്‍ ബ്രാജ് ബിഹാരി കുമാര്‍. നിങ്ങള്‍ക്കു ശ്വാസതടസം വരില്ലെന്നു വിശ്വസിച്ചുകൊണ്ട് ഒരു കാര്യം പറയട്ടെ. അദ്ദേഹം 136 കൃതികളുടെ രചയിതാവാണ്. ഈ കൃതികളുടെ ശീര്‍ഷകങ്ങള്‍ പോലും രാജ്യത്തെ സാമൂഹ്യശാസ്ത്ര പഠിതാക്കള്‍ക്കു പോലും പരിചിതമല്ല എന്നു മാത്രം. രാജ്യത്തെയോ രാജ്യത്തിനു പുറത്തുള്ളവയോ ആയ ജേണലുകളിലും ഇങ്ങനെ ഒരാളുടെ പേരു വന്നതായി ആര്‍ക്കും അറിവില്ല. ഇദ്ദേഹം പിന്നെങ്ങനെ ഇത്രയും ഗ്രന്ഥങ്ങള്‍ എവിടെയൊക്കെ എഴുതി? മന്ത്രി സ്മൃതി ഇറാനി പറയുന്നത് അദ്ദേഹം മുന്നൂറോളം കൃതികളെഴുതി എന്നുമാണ്. അവയൊക്കെ വായിച്ചതാര് എന്നതിനുത്തരം അവ ആര്‍.എസ്.എസ് ശാഖകളില്‍ വിതരണം ചെയ്യപ്പെടുന്നു എന്നതാണ്. അദ്ദേഹമാണിപ്പോള്‍ ഇന്ത്യയിലെ സാമൂഹ്യ പാഠകേന്ദ്രങ്ങളെ നയിക്കുന്നത്. തിരുവനന്തപുരത്തെ നമ്മുടെ സി.ഡി.എസ് ഉള്‍പ്പടെ അദ്ദേഹത്തിന്റെ കീഴിലാണു വരിക.
ഐ.സി.എച്ച്.ആറിലെ പ്രസംഗത്തില്‍ ബ്രാജ് ബിഹാരി കുമാര്‍ സവിശേഷ പ്രാധാന്യത്തോടെ സംസാരിച്ചത് റോഹിംഗ്യ അഭയാര്‍ഥികളെ കുറിച്ചാണ്. 1943ല്‍ രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാനും ബ്രിട്ടനും തമ്മില്‍ പോരടിക്കുമ്പോള്‍ റോഹിംഗ്യകള്‍ ബര്‍മയിലെ ബുദ്ധമതക്കാരെ ദ്രോഹിച്ചിരുന്നു എന്നതാണദ്ദേഹത്തിന്റെ ചരിത്രവിസ്താരം. ഏതാണ്ട് 74 കൊല്ലം മുന്‍പ് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ നല്‍കിയ വെടിക്കോപ്പുകളുപയോഗിച്ച് റോഹിംഗ്യ മുസ്‌ലിംകള്‍ ബുദ്ധിസ്റ്റുകളെ അക്രമിച്ചു എന്നു തന്നെ വയ്ക്കട്ടെ, ആ
കുറ്റത്തിന് ഇപ്പോള്‍ നല്‍കുന്ന ശിക്ഷയെ എങ്ങനെ നീതീകരിക്കാനാകും. ഇനി ആ കുറ്റത്തിനാണ് മ്യാന്മര്‍ റോഹിംഗ്യകളെ പുറത്താക്കുന്നതെങ്കില്‍ ഇന്ത്യ അവരെ പുറത്താക്കുന്നതെന്തിന്? 1943ലും ശേഷവും ഇന്ത്യക്കെതിരേ അവരൊന്നും ചെയ്തിട്ടില്ലല്ലോ. ഇനി ബുദ്ധന്മാര്‍ പണ്ടു കാലങ്ങളില്‍ ആക്രമിക്കപ്പെട്ടതിനു ശിക്ഷ വിധിക്കാനുള്ള അധികാരം ഇപ്പോഴത്തെ മ്യാന്മറിലെ ബുദ്ധമതക്കാര്‍ക്കുണ്ടെങ്കില്‍ ബ്രാഹ്മണ മതത്തിനെതിരേയാകണ്ടേ അവരുടെ ആദ്യത്തെ പ്രതികാരനടപടി. ചരിത്രം ഇങ്ങനെ ലളിതയുക്തികള്‍ കൊണ്ട് പിറകോട്ട് ചെന്ന് എഡിറ്റ് ചെയ്താല്‍ ഇതെവിടെ അവസാനിക്കും. ബ്രിട്ടനെ കൈയില്‍ കിട്ടിയാല്‍ ഇന്ത്യ വെറുതെ വിടുമോ..?
ജനിക്കാനിരിക്കുന്ന പുതിയ ഇന്ത്യക്ക് ഗാന്ധി മതിയാകില്ല എന്നു നന്നായി അറിഞ്ഞിരുന്ന ഒരാളായിരിക്കണം നെഹ്‌റു. അതുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞു ഒരവസരം കിട്ടിയപ്പോള്‍ അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള വഴി രേഖപ്പെടുത്താമെന്നു വച്ചത്. അങ്ങനെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ
കാട്ടിക്കൊടുക്കുന്ന കൃതി അദ്ദേഹം
ജയിലില്‍ കിടന്നു പൂര്‍ത്തിയാക്കി
ബ്രാജ് ബിഹാരി കുമാര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ ഒരു ലോപോയന്റു കൂടെയുണ്ട്. റോഹിംഗ്യകളോടുള്ള തങ്ങളുടെ ചരിത്രത്തിന്റെ പകയാണ് മ്യാന്മര്‍ ഭരണകൂടം വീട്ടുന്നത്. അതവരു ചെയ്യുന്നത് അവര്‍ക്കു ചരിത്രബോധമുള്ളതു കൊണ്ടാണ്. അവര്‍ നമ്മള്‍ ഇന്ത്യക്കാരെ പോലെ മഠയന്മാരല്ല. ഇന്ത്യക്കാര്‍ ചരിത്രബോധമില്ലാത്തവരായതിനാല്‍ നാടുകടത്തപ്പെടാതെയും കൂട്ടക്കൊലക്കിരയാകാതെയും കഴിഞ്ഞുകൂടുന്ന ഒരു വിഭാഗം രാജ്യത്തുണ്ട് എന്നു ചുരുക്കം. ഇന്ത്യയിലെ ചരിത്രത്തിന്റെ പ്രതികാരമര്‍ഹിക്കുന്ന ആ സമൂഹം ആരായിരിക്കും. 136 കൃതികളിലൂടെ അദ്ദേഹം ഉണര്‍ത്തിക്കൊണ്ടിരുന്നത് ആ പകയുടെ കനലുകളാണെന്ന് അദ്ദേഹത്തെ വായിക്കാതെ തന്നെ നമുക്കൂഹിക്കാനാകും. ഹിന്ദു ഉണര്‍ന്നാല്‍ എന്നതാണതിന്റെ നമുക്കു പരിചയമുള്ള തലക്കെട്ട്. ഇന്ത്യയിലെ ജാതി സമ്പ്രദായം മുസ്‌ലിം ഭരണാധികാരികള്‍ നടപ്പാക്കിയതാണെന്നു പ്രബന്ധം എഴുതിയ ചരിത്ര പാണ്ഡിത്യത്തിനുടമയുമാണു പ്രസ്തുത 'ചരിത്രകുമാരന്‍'. കെട്ടുകഥകള്‍ ചരിത്രവും ചരിത്രം കേട്ടുകേള്‍വിയുമായി വച്ചുമാറ്റം ചെയ്യപ്പെടുന്ന ഒരു കാലത്തിനെതിരേ നമുക്കു ചെയ്യാനുള്ളത് ചരിത്രം പഠിക്കുക, പഠിപ്പിക്കുക എന്നതു തന്നെയാണ്. തടവറകളെ ഭേദിച്ച ചരിത്രത്തെ ദുരുപയോഗം ചെയ്തു പണിയുന്ന തടവറകളിലേക്ക്, വിദ്വേഷത്തിന്റെ ചേംബറുകളിലേക്ക് തെളിക്കപ്പെടുന്ന ഒരു രാജ്യമാണിന്നു നമ്മുടേത്.
രാജ്യത്തെ ചരിത്രഗവേഷണ, സാമൂഹ്യശാസ്ത്ര സ്ഥാപനങ്ങള്‍ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴമാണു വെളിപ്പെടുന്നത്. വെറുപ്പിന്റെയും പകപോക്കലിന്റെയും വേദാന്തങ്ങള്‍ എത്ര ഔദ്യോഗികമായാണു പ്രചരിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ചരിത്ര കൗണ്‍സിലാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. ഡി.ഡി കൊസാംബി എന്ന ചരിത്രത്തിലേക്കു വഴിതെറ്റി വന്ന പണ്ഡിതനൊപ്പം ഇന്ത്യാ ചരിത്രത്തിന്റെ ഇരുള്‍പടര്‍പ്പുകളെ വകഞ്ഞും വെട്ടിയും മാറ്റി ആധുനിക ഇന്ത്യയ്ക്ക്, നമുക്കൊരു ചരിത്രം ഉണ്ടാക്കാന്‍ പണിപ്പെട്ട ആര്‍.എസ് ശര്‍മ തലപ്പത്തിരുന്ന സ്ഥാപനമാണു ചരിത്ര കൗണ്‍സില്‍. ഇന്നതേറെക്കുറെ ഭാവിയിലെ ഇന്ത്യന്‍ ഐതിഹ്യ ഗവേഷണാലയമാകുന്ന മട്ടാണ്. സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍ കെട്ടിപ്പടുത്തതാകട്ടെ ധനജ്ഞയ് രാമചന്ദ്ര ഗാഡ്ഗില്‍ എന്ന ഡി.ആര്‍ ഗാഡ്ഗിലായിരുന്നു. സാമൂഹിക സാമ്പത്തിക ശാസ്ത്ര പഠനരംഗത്തു രാജ്യത്തിനു വഴികാട്ടിയ ഒരാളാണദ്ദേഹം. ഇടതു വലതു രാഷ്ട്രീയത്തില്‍നിന്നു മാറിനടക്കുകയും അംബേദ്കറിന്റെ ആത്മമിത്രമായിരിക്കുകയും ചെയ്ത ധൈഷണിക ജീവിതമായിരുന്നു ഗാഡ്ഗിലിന്റേത്. പ്രാചീന ഇന്ത്യന്‍ സാമൂഹികഘടനയെ കുറിച്ചും സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചും അദ്ദേഹത്തോളം ജ്ഞാനിയായ ഒരാള്‍ ഉണ്ടായിട്ടില്ല.
ക്ലാസിക്കല്‍ ലിബറല്‍ എന്നറിയപ്പെട്ട ഗാഡ്ഗില്‍ എല്ലാതരം ഫാസിസങ്ങളെയും എതിര്‍ത്തു. സോവ്യറ്റ് റഷ്യയുടെ ഏകാധിപത്യ പ്രവണതകളെ നിശിതമായി വിമര്‍ശിച്ചു. സാംസ്‌കാരിക ബഹുസ്വരതയുടെ പ്രാധാന്യത്തെ പറ്റി എപ്പോഴും ഏറെ സംസാരിച്ചു. അദ്ദേഹമിരുന്ന കസേരയിലാണ് ബ്രാജ് ബിഹാരി കുമാറിനെ മോദി ഇരുത്തി പ്രവര്‍ത്തിപ്പിക്കുന്നത്. ചരിത്ര കൗണ്‍സിലിലാകട്ടെ യെല്ലപ്രഗദ സുദര്‍ശന്‍ റാവുവാണ് പുതിയ അധ്യക്ഷന്‍. ആര്‍.എസ്.എസ് ഘടകമായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ മേധാവിയായിരുന്നു മുന്‍പദ്ദേഹം. ഈ സ്ഥാനത്തിരിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത എന്തെന്നു തനിക്കറിഞ്ഞുകൂടെന്നു പറഞ്ഞൊഴിയുകയായിരുന്നു റോമീലാ ഥാപ്പര്‍. ഥാപ്പറെ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: ''നമ്മെളെപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വം എന്ന അര്‍ഥത്തിലുള്ള മതേതരത്വത്തെക്കുറിച്ചാണ്.
ഇപ്പോള്‍ അതു പര്യാപ്തമല്ല. വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വം ഉണ്ടായിട്ടും മതങ്ങള്‍ക്കിടയിലെ സമത്വം ഇല്ലെങ്കില്‍ അതു മതേതരമല്ല. മതങ്ങളുടെ സഹവര്‍ത്തിത്വം നിലനില്‍ക്കുമ്പോഴും സമത്വത്തിന്റെ അഭാവം നിലനില്‍ക്കാം. സഹവര്‍ത്തിത്വത്തില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ചില മതങ്ങള്‍ക്ക് കൂടുതല്‍ ആധിപത്യപരമായ പങ്ക് നമ്മള്‍ അനുവദിച്ചുകൊടുക്കുന്നു. അവിടെയാണ് നമ്മുടെ നിര്‍വചനങ്ങള്‍ പര്യാപ്തമല്ലാതെ വരുന്നത്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."