താലൂക്ക് ഓഫിസ് മാറ്റാനുളള ശ്രമത്തിനെതിരേ കോണ്‍ഗ്രസ്
ഹരിപ്പാട് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ടെ വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് താലൂക്ക് ആസ്ഥാനം കായംകുളത്തേക്ക് മാറ്റാനുളള ശ്രമമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് ഭരണകാലത്ത് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഹരിപ്പാട്ട് പുതുതായി ആരംഭിച്ചത്. ഇതിനൊപ്പം റവന്യൂ ടവര്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ സമുച്ചയം, കോടതി സമുച്ചയം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ ചെലവാക്കി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. 50 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടുളള ഈ നടപടികള്‍ എന്തുവിലകൊടുത്തും ഇല്ലാതാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമം. ജില്ലയിലെ മന്ത്രിമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഹരിപ്പാട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുളള പദ്ധതികള്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന ഇവര്‍ രാജഭരണം മുതല്‍ ഹരിപ്പാട്ട് പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ഓഫീസ് കായംകുളത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ നീക്കം നടത്തുന്നു. ജനങ്ങളെ അണിനിരത്തി ഈ ശ്രമം തടയും. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് താലൂക്ക് ഓഫീസ് ബലമായി മാറ്റാനുളള ശ്രമങ്ങളുണ്ടായാല്‍ നേരിടുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ എം.ആര്‍ ഹരികുമാര്‍ (ഹരിപ്പാട്), എസ്. വിനോദ് കുമാര്‍ (കാര്‍ത്തികപ്പളളി) എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."