കായല്‍ കയ്യേറ്റം റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാരിന് സാവകാശം നല്‍കൂ: കോടിയേരി
കണ്ണൂര്‍: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കൈയേറ്റവുമായി ബന്ധപ്പെട്ട് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് നടത്തുന്ന ജനജാഗ്രത യാത്രയുടെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സാവകാശമെങ്കിലും സര്‍ക്കാരിന് നല്‍കണം. ഇ.പി ജയരാജനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ് ഉയര്‍ത്തിപ്പിടിക്കാനാണ് അദ്ദേഹം സ്വയം രാജിവച്ചത്. ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ജനാധിപത്യത്തെ ഭയക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പരാജയ ഭീതിയുണ്ട്. അതിനാലാണ് പണം നല്‍കി അട്ടിമറിക്ക് ശ്രമിക്കുന്നത്. പട്ടേല്‍ സമുദായത്തിന് സമൂഹത്തിലുള്ള സ്വാധീനം പണംകൊടുത്ത് വിലക്കെടുക്കുവാനാണ് ശ്രമം.
രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ്. രാജസ്ഥാനില്‍ ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ മറ്റു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പിന്നീട് ദേശീയതലത്തിലും നിയമമാകും. ഇതിനെ മുളയിലേ നുള്ളണം. മാധ്യമങ്ങളുടെ വായയടപ്പിച്ചാല്‍ രാജ്യത്ത് ഗുരുതരമായ അപകടമാണ് സംഭവിക്കാന്‍ പോകുന്നത്. ചരിത്രം തന്നെ മാറ്റിയെഴുതാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരേയെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേയാണ് സമരം ചെയ്യുന്നത്. ഇതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തിലും കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പര്യടനത്തിനുശേഷം ജനജാഗ്രത വടക്കന്‍ മേഖലാ യാത്ര ഇന്നലെ വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."