കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നു: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനായി ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും കുറ്റാന്വേഷണ എജന്‍സികളെയും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് കേരളത്തിലെ രാഷ്ട്രീയകൊലപാതകകേസുകളില്‍ സി.ബി.ഐ നടത്തുന്ന ഇടപെടലുകളെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനത്തിന്റെ ചുമതല അതതു സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയലക്ഷ്യത്തോടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അടുത്തിടെ കേരളം സന്ദര്‍ശിച്ച ശേഷം സംസ്ഥാനത്ത് സി.ബി.ഐ അമിതാധികാരസ്വഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹി എ.കെ.ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടാതെ ഭരണഘടനസ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ബി.ജെ.പി നേരിടുന്നത്. ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്ന മഹത്തായ സംവിധാനത്തില്‍നിന്നുള്ള അകല്‍ച്ചയാവും ഇതിന്റെ ഫലം. ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ഹീനമായ നടചപടികളെ പ്രതിരോധിക്കാന്‍ ബി.ജെ.പിയേതര സര്‍ക്കാരുകള്‍ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും രംഗത്തുവരണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം, തന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്കും പാര്‍ട്ടിയുടെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരായ ഉയരുന്ന അഴിമതിയാരോപണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം അട്ടിമറിക്കാനും ബി.ജെ.പി ശ്രമിച്ചുവരുന്നു. വ്യാപം അഴിമതി, ലളിത് മോദിക്കെതിരേ സാമ്പത്തികകുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാല്‍ കേരളത്തിലെ ചിലപ്രത്യേകകേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എയും സി.ബി.ഐയും ധൃതിപിടിക്കുകയും ചെയ്യുന്നു. ഭീകരപ്രവര്‍ത്തനകേസുകളില്‍ ചുമത്താറുള്ള യു.എ.പി.എ വകുപ്പ് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ചുമത്തുകയുണ്ടായെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയുള്ള ഒരന്വേഷണത്തെയും തങ്ങള്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനത്തിലും കേസന്വേഷണത്തിലും നീതിനിര്‍വഹണത്തിലും രാജ്യത്തെ മുന്‍നിരയിലാണ് കേരളത്തിന്റെ സ്ഥാനം. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പേരില്‍ കേരളത്തിലെ കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ല. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ നിരക്ക് 0.9 മാത്രമാണ്. ഉത്തര്‍പ്രദേശില്‍ ഇത് 2.2 ആണ്. കേരളത്തില്‍ വിചാരണ നടക്കുന്ന കേസുകളില്‍ 64.7 ശതമാനത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ട്. കുറ്റവാളികള്‍ക്കു ശിക്ഷവാങ്ങിച്ചുകൊടുക്കുന്നതിലുംകേരളമാണ് മുന്നില്‍. ശിക്ഷ വിധിക്കപ്പെടുന്ന കേസുകളുടെ നിരക്കില്‍ ഉത്തര്‍പ്രദേശ് 50 ശതമാനത്തില്‍ താഴെയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."