അതിക്രൂരതകള്‍ക്കുമുമ്പില്‍ വിവേകത്തിന്റെ വഴികള്‍
സ്വന്തം തറവാട്ടുവീടിന്റെ ചുമരിനോടുചേര്‍ന്ന് ആട്ടിന്‍കുട്ടിയെ കെട്ടിയതിന്റെ പേരില്‍ ജ്യേഷ്ഠന്‍ അനുജനെയും അനിയന്റെ വീടിനുമുമ്പിലൂടെ ജ്യേഷ്ഠന്‍ നടന്നുപോയതിന്ന് അനുജന്‍ ജ്യേഷ്ഠനെയും വെട്ടിക്കൊന്നതും പഠന ഗവേഷണത്തിനു മാതാപിതാക്കളെയും സഹോദരിയെയും വെട്ടിനുറുക്കി ചുട്ടുകരിച്ചതും കറിയില്‍ ഉപ്പു കുറഞ്ഞതിന് ഉന്നത ബിരുദധാരിയായ മകന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊന്നതും ഈ അടുത്തായി മാധ്യമങ്ങളില്‍ നാം വായിക്കുകയുണ്ടായി. ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമയില്ലാതായിരിക്കുന്നു. മനുഷ്യത്വം മരവിച്ചുപോയതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.
കുറുക്കനെ ഭയപ്പെട്ടതിനായിരുന്നു ആടിനെ വീടിന്റെ തിണ്ടയില്‍ കെട്ടിയതെങ്കില്‍ വീട്ടിലേക്ക് നടന്നുപോകുന്ന അര സെന്റ് ഭൂമിയുടെ പേരിലായിരുന്നു അനുജന്‍ വെട്ടിക്കൊന്നത്. കുട്ടിക്കാലം മുതല്‍ കളിച്ചും രസിച്ചും ഉല്ലസിച്ചുമിരുന്ന സഹേദരന്‍മാരാണ് ശത്രുക്കളും കണ്ടുകൂടാത്തവരും കൊലക്കത്തിക്കിരയായതും. ആടുകളെ മേയ്ക്കുന്നതും കുറഞ്ഞ ഭൂമിയുടെ തര്‍ക്കവും ഉടലെടുത്തതുമുതല്‍ ഇരു സഹോദരന്‍മാരുടെയും വീട്ടുകാര്‍ തമ്മില്‍ സ്‌നേഹമില്ലാത്തവരായി. പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന ആ സഹോദരന്‍മാരുടെ ഭാര്യമാര്‍ അറിഞ്ഞോ അറിയാതെയോ വഴക്കിലും വര്‍ത്തമാനങ്ങളിലും പങ്കാളികളായി. കൊല്ലപ്പെട്ടവരുടെ ആളുടെ മക്കള്‍ അനാഥരായി. ബന്ധുമിത്രാദികള്‍ കടുത്ത ദുഃഖത്തിലും കണ്ണീരിലുമകപ്പെട്ടു. രാവിലെയും വൈകുന്നേരങ്ങളിലും വഴികളിലും അങ്ങാടികളിലുമായി കണ്ടുമുട്ടുന്ന ഇരുവരുടെയും കൂട്ടുകാര്‍ ശത്രുതയോടെ വീക്ഷിക്കാന്‍ തുടങ്ങി. സലാം പറഞ്ഞ് മാത്രം പിരിഞ്ഞുപോയിരുന്നവര്‍ കണ്ടാല്‍ മിണ്ടുകയോ സലാം പറയുകയോ ഇല്ലാതെയായി. മുഖത്ത് മന്ദഹാസമില്ല, പകരം കത്തിനില്‍ക്കുന്ന കോപം മാത്രം. കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ പോലും സംബന്ധിക്കാന്‍ ചിലര്‍ മടികാണിച്ചു. ഇങ്ങനെയെല്ലാമായിട്ടും എന്തുനേടി എന്ന ചോദ്യം ഏറെ പ്രസക്തമത്രെ.
പകയും അവിവേകവും പൈശാചികമാണ്. വാശി വമ്പിച്ച വിഡ്ഢിത്തവും. പകയും വാശിയും മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്നു. പകയും വാശിയും കാരണമായി ഒട്ടധികം വിപത്തുകള്‍ ഉണ്ടായിത്തീരുമെന്നതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും താക്കീത് നല്‍കുന്നുണ്ട്. ആദം സന്തതികളുടെ തുടക്കംമുതല്‍ക്കുള്ളതാണീ വിപത്ത്. ആദം(അ) രണ്ട് പുത്രന്‍മാരായിരുന്നുവല്ലോ. ഖാബീലും, ഹാബീലും. ഖാബീലിന് ഹാബീലിനോടുള്ള പകയും വാശിയും കാരണമായി കുറ്റവാളിയായിത്തീര്‍ന്ന ഖാബീല്‍ നിരപരാധിയായ ഹാബീലിനെ കുത്തിക്കൊന്നു.
പകയും കോപവും അര്‍ത്ഥശ്യൂന്യവും അന്ധവുമായ വികാരത്തെയാണ് വളര്‍ത്തുക. അവയ്ക്കടിപ്പെടുന്നതോടെ വിവേകം വിടപറയും. ചിലര്‍ പേ പിടിച്ചവരെപ്പോലെ പുലഭ്യം പറയും. ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ പലതും പ്രവര്‍ത്തിക്കും. ഗുണദോഷ വിചാരമില്ലാതെ ജീവിക്കും. ഇന്ന് നമ്മുടെ മഹല്ലുകളിലും നാടുകളിലും വീട്ടുകാരിലും കാണുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കും കാരണം കോപത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാതെപോകുന്നതാണെന്ന് മനസ്സിലാക്കാം. വികാരം ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അതിന് പുറമെ അതിവേഗത്തില്‍ വിജൃംഭിതമാകുന്നതുമാണത്. അതുകൊണ്ടുതന്നെ അതിനെ തട്ടിയുണര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നു. എന്നാല്‍, വിചാരശ്യൂന്യമായ വികാരം ഒട്ടധികം വിപത്തുകള്‍ വിളിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. അതിനാലാണ് വിചാരത്താല്‍ നിയന്ത്രിക്കപ്പെടാത്ത വികാരം വിനാശകരവും വര്‍ജ്യവുമാണെന്ന് സൂഫികള്‍ പറയുന്നത്.
ഒരാളോടോ ഒരു സംഗതിയോടോ ഉള്ള പകയില്‍ നിന്ന് പിറവിയെടുക്കുന്ന വികാരം മനുഷ്യനെ അന്ധമായ ആവേശത്തിന്നടിമപ്പെടുത്തുന്നു. ഈ സമയത്ത് അധികം പേരും സ്വന്തം കര്‍മങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ആലോചിക്കുകയില്ല. അതിനാല്‍ എന്തും എങ്ങനെയും പ്രവര്‍ത്തിക്കാനും എടുത്തുചാടാനും സന്നദ്ധരാകുന്നു. അങ്ങനെ അതവരുടെ തന്നെ അന്തകനായിത്തീരൂന്നു.
ഇന്ന് നമുക്കിടയില്‍ പലകുഴപ്പങ്ങള്‍ക്കും കാരണമാകുന്നത് പരുക്കന്‍ പെരുമാറ്റമാണ്. എങ്ങനെയെങ്കിലും കാര്യങ്ങള്‍ നടക്കുകയോ നടത്തിക്കൊണ്ടുപോവുകയോ ചെയ്യണമന്ന തോന്നല്‍ പരുഷപ്രകൃതരെ ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. അതിനാല്‍ അവര്‍ നാട്ടിലും വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യം നേടാന്‍ ഏതു ധര്‍മ വ്യവസ്ഥയെയും ചുട്ടുചാമ്പലാക്കുന്നു. കൊച്ചുകാച്ചു കാര്യങ്ങളുടെ പേരില്‍ കോപാകുലരായി പ്രവര്‍ത്തിക്കുന്നു. സദാചാര പൊലിസെന്നോ മറ്റോ പറഞ്ഞ് ആക്ഷേപിക്കുന്നു.
ഇഷ്ടമില്ലാത്തത് കേള്‍ക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ അമര്‍ഷം തോന്നാത്തവര്‍ ഉണ്ടാവില്ല. ഇതു തരണം ചെയ്യാന്‍ ഏറെ ക്ഷമിക്കുകയും സഹിക്കുകയും വേണം. ഈ ക്ഷമയുടെ ഫലം ആസ്വദിക്കുന്നത് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞതിനുശേഷമായിരിക്കും. കൂടുതല്‍ കാലദൈര്‍ഘ്യമുള്ള ക്ഷമയ്ക്കും സഹനത്തിനും ദീര്‍ഘകാല ആസ്വാദനത്തിനുള്ള ഫലങ്ങളായിരിക്കും ലഭ്യമാവുക. സ്വയം ശിക്ഷണത്തിലൂടെ മനസ്സിനെ മെരുക്കിയെടുക്കുന്നവര്‍ക്ക് മാത്രമേ കോപം വരുമ്പോള്‍ അതിനെ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. നബി (സ) പറഞ്ഞു: 'നിങ്ങളില്‍ ഏറ്റവും ശക്തന്‍ കായിക ബലത്താല്‍ വിജയിക്കുന്നവനല്ല. മറിച്ച് ദേഷ്യം വരുമ്പോള്‍ ശരീരത്തെ പിടിച്ചു നിര്‍ത്തുന്നവനാണ്.' (ഹദീസ്)
ക്ഷമയും സഹനവും വിട്ടുവീഴ്ചയും ചെയ്യാന്‍ ഖുര്‍ആനും തിരുസുന്നത്തും ധാരാളം സ്ഥലങ്ങളില്‍ നമ്മോട് ആജ്ഞാപിക്കുന്നു. ക്ഷമയും വിട്ടുവീഴ്ചയും സഹനവും കൈകൊണ്ടതുകൊണ്ടാണ് പ്രവാചകന്‍മാര്‍ തങ്ങളുടെ പ്രബോധന മാര്‍ഗങ്ങളില്‍ വിജയം വരിച്ചത്. അല്ലാഹു പറയുന്നു: 'നല്ലതും ചീത്തയും സമമല്ലതന്നെ. കൂടുതല്‍ നല്ലതേതോ അതുകൊണ്ടാണ് തിന്‍മയെ തടയേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ നിനക്കും മറ്റാര്‍ക്കുമിടയിലും ശത്രുതയുണ്ടോ അവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. എന്നാല്‍, ക്ഷമാശീലര്‍ക്കല്ലാതെ ഇക്കാര്യം നേടാന്‍ കഴിയുകയില്ല. സൗഭാഗ്യവാനല്ലാതെ അത് കൈവരികയുമില്ല.' (സൂറ: ഫുസ്സിലത്ത് 34-35)
'കോപം പിടിപെടുമ്പോള്‍ അത് ഒതുക്കിവയ്ക്കുകയും മനുഷ്യരുടെ തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്ന സുകൃതികളെ അല്ലാഹു സ്‌നേഹിക്കുകയും ചെയ്യും' (അഅ്‌റാഫ് 199)
നബി (സ) പറഞ്ഞു: അല്ലാഹു ദയയുള്ളവനും ദയയിഷ്ടപ്പെടുന്നവനുമത്രെ. മാത്രമല്ല, പരുഷ സ്വഭാവത്തിനോ മറ്റേതെങ്കിലും കാര്യങ്ങള്‍ക്കോ നല്‍കാത്ത പ്രതിഫലം കാരുണ്യത്തിന്ന് അവന്‍ നല്‍കുന്നതാണ്'' (മുസ്‌ലിം)
'നബി (സ) പറഞ്ഞു: ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അതുനീക്കം ചെയ്യപ്പെട്ടാല്‍ ഏതും വികൃതമാണ്.' (മുസ്‌ലിം)
പ്രശ്‌നങ്ങള്‍ നേരിടാന്‍ നമുക്ക് മുമ്പില്‍ മാര്‍ഗങ്ങളുണ്ട്. ചില പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കേണ്ടതായിരിക്കും. അവ അങ്ങനെത്തന്നെ ചെയ്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങളായിരിക്കുംഉടലെടുക്കുക. മറ്റൊന്ന് പ്രശ്‌നങ്ങളുടെ അടിവേര് കണ്ടെത്തി അവ നിര്‍ത്തലാക്കാനും തടയാനും ശ്രമിക്കുക എന്നതാണ്. ഇതുപരിഹരിക്കാന്‍ ഏറെ ക്ഷമിച്ചും സഹിച്ചും മാത്രമേ സാധ്യമാകൂ. ഇവിടെയാണ് അധികമാളുകളും പരാജയപ്പെടുന്നത്. വസ്തുതകളെ വികാര വിക്ഷോഭങ്ങളോടെ നേരിടുന്നതിലല്ല വിജയം, യുക്തിവിചാരത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുന്നവരാണ് വിജയം വരിക്കുന്നവര്‍. കോപമടക്കാന്‍ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകള്‍ മാറിനിന്ന് വീക്ഷിക്കുന്നവരില്‍ കൗതുകം ഉണര്‍ത്തുമാറ് പരിഹാസ്യങ്ങളായിരിക്കും. അവ്വിധം ചെയ്യുന്നവര്‍ക്ക് തന്നെ പിന്നീട് അകം തണുക്കുമ്പോള്‍ സ്വന്തം ചെയ്തികളില്‍ ഖേദവും ലജ്ജയും തോന്നും. പ്രശ്‌നങ്ങളെ നേരിടാനും പ്രതിയോഗികളെ പരാചയപ്പെടുത്താനും ധാരാളം വഴികളുണ്ട്. അടിച്ചൊതുക്കല്‍ അവയിലൊന്നുമാത്രമാണ്. എന്നാല്‍, മാനസികമായി അവരെ കീഴ്‌പ്പെടുത്താന്‍ സാധ്യമല്ല. ഇതിന് ഏറ്റവും നല്ല മാര്‍ഗം വിട്ടുവീഴ്ച ചെയ്യുക എന്നതുതന്നെയാണ്. ഇതിലൂടെ ഏതാളെയും വശപ്പെടുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."