കരിപ്പൂരില്‍നിന്ന് റിയാദിലേക്ക് പുതിയ സര്‍വിസ് വിമാന കമ്പനികള്‍ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള ശൈത്യകാല ഷെഡ്യൂള്‍ വിമാന കമ്പനികള്‍ പുറത്തിറക്കി. കരിപ്പൂര്‍ - റിയാദ് മേഖലയില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് രണ്ടു സര്‍വിസുകള്‍ വര്‍ധിപ്പിച്ചതൊഴിച്ചാല്‍ പുതിയ ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള ചില സര്‍വിസുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളാണ് വിമാന കമ്പനികള്‍ വരുത്തിയിട്ടുള്ളത്. അടുത്ത മാര്‍ച്ച് 31 വരെ പുതിയ ഷെഡ്യൂള്‍ തുടരും. ഈ മാസം 28 വരെ പഴയ ഷെഡ്യൂള്‍ നിലവിലുണ്ടെങ്കിലും ഇത്തവണ ചില വിമാന കമ്പനികള്‍ നേരത്തെ തന്നെ സമയക്രമം മാറ്റുകയായിരുന്നു.
കരുപ്പൂരില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളില്‍ റിയാദിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വിസ് തുടങ്ങും. രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.45ന് റിയാദിലെത്തും. റിയാദില്‍ നിന്ന് 30 കിലോ ബാഗേജും തിരിച്ച് 20 കിലോയുമാണ് അനുവദിക്കുക. നിലവില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ റിയാദിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഓരോ സര്‍വിസ് വീതം നടത്തുന്നുണ്ട്. പുതിയ സര്‍വിസ് 29 മുതലാണ് ആരംഭിക്കുക.
അബൂദബിയില്‍ നിന്ന് വൈകിട്ട് 3.30ന് എത്തുന്ന ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വിസ് ആഴ്ചയില്‍ ആറായി കുറച്ചതും പുതിയ ഷെഡ്യൂളില്‍ പുനരാരംഭിച്ചിട്ടില്ല. ചൊവ്വാഴ്ചയുള്ള സര്‍വിസാണ് ഒരു മാസം മുന്‍പ് നിര്‍ത്തലാക്കിയിരുന്നത്. ഇന്‍ഡിഗോയുടെ രണ്ട് സര്‍വിസുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 12.15നുള്ള ദുബൈ വിമാനം ഇനി മുതല്‍ ഒന്നര മണിക്കൂര്‍ വൈകി 1.45നാണ് പുറപ്പെടുക. ദോഹയിലേക്ക് രാത്രി 11.50 നുള്ള വിമാനം 12.25നുമാണ് പുറപ്പെടുക. യാത്രക്കാരെ ഷെഡ്യൂള്‍ മാറ്റം അറിയിച്ചിട്ടുണ്ട്.
സലാല-മസ്‌കത്ത് എന്നിവടങ്ങളിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. ഈ മാസം 28 മുതലാണ് ഒമാന്‍ എയറിന്റെ പുതിയ സമയക്രമം നിലവില്‍ വരുക. അതിനിടെ ക്രിസ്മസും പുതുവര്‍ഷവും പ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വിസുകളൊന്നും പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണ പ്രവൃത്തികള്‍ക്ക് ശേഷം പുതിയ സര്‍വിസുകള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അടുത്ത വേനല്‍ ഷെഡ്യൂളില്‍ മാറ്റങ്ങളുണ്ടായേക്കും. ഗള്‍ഫിലേക്കും ആഭ്യന്തര സെക്ടറിലേക്കുമായി 495 സര്‍വിസുകള്‍ ആണ് കരിപ്പൂരില്‍ നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."