കൊല്‍ക്കത്തയില്‍ യൂറോപ്യന്‍ ഫൈനല്‍; കന്നി കിരീടത്തിനായി ഇംഗ്ലണ്ടും സ്‌പെയിനും
കൊല്‍ക്കത്ത: ടൂര്‍ണമെന്റില്‍ രണ്ടാം ഹാട്രിക്കുമായി കളം നിറഞ്ഞ റ്യാന്‍ ബ്രെസ്റ്ററുടെ ഗോളടി മികവില്‍ കിരീട പ്രതീക്ഷകളില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലിനെ 3-1ന് തകര്‍ത്ത് ഇംഗ്ലണ്ട് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഈ മാസം 28ന് ഇംഗ്ലണ്ട് തങ്ങളുടെ കന്നി കൗമാര ലോകകപ്പ് കിരീടം തേടി കളത്തിലിറങ്ങും. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 17 വിഭാഗത്തിലെ കന്നി ലോകകപ്പ് ഫൈനല്‍ കൂടിയാണിത്. അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ന് വരെ മികച്ച പോരാട്ടം കാഴ്ചവച്ചിട്ടില്ലാത്ത ഇംഗ്ലീഷ് ടീം പക്ഷേ ഇത്തവണ പ്രവചനങ്ങളെ കാറ്റില്‍ പറത്തി മികച്ച മുന്നേറ്റമാണ് നടത്തിയത്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ബ്രസീല്‍ ടീമും ഒടുവില്‍ അവരുടെ കളി മികവിന് മുന്നില്‍ കാലിടറി വീണു. 28ന് നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടത്തില്‍ ബ്രസീല്‍ മത്സരിക്കാനിറങ്ങും. നടാടെയാണ് ഇംഗ്ലീഷ് ടീം കൗമാര ലോകകപ്പിന്റെ സെമി കളിക്കാനിറങ്ങിയതെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. നാലാം ലോകകപ്പ് കിരീടമെന്ന ബ്രസീലിന്റെ മോഹമാണ് കൊല്‍ക്കത്തയില്‍ വീണുടഞ്ഞത്.
കളിയുടെ 10, 39, 77 മിനുട്ടുകളിലാണ് ബ്രെസ്റ്റര്‍ ബ്രസീലിയന്‍ വല കുലുക്കിയത്. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം ഹാട്രിക്കാണ് ബ്രെസ്റ്റര്‍ സെമിയില്‍ നേടിയത്. നേരത്തെ ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരേയും താരം ഹാട്രിക്ക് ഗോളുകള്‍ നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം ഏഴിലെത്തിച്ച ബ്രെസ്റ്റര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി. അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒറ്റ ടൂര്‍ണമെന്റില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരമെന്ന പെരുമയും രണ്ടാം ഹാട്രിക്കോടെ ബ്രെസ്റ്റര്‍ സ്വന്തമാക്കി. ബ്രസീലിന്റെ ആശ്വാസ ഗോള്‍ കളിയുടെ 21ാം മിനുട്ടില്‍ വെസ്ലി സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ കുതിച്ചെത്തിയ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ചപ്പോലെ തുല്ല്യ നിലയിലായിരുന്നു. പന്തടക്കത്തില്‍ ബ്രസീല്‍ നേരിയ മുന്‍തൂക്കം പ്രകടിപ്പിച്ചെങ്കിലും അവര്‍ക്ക് പ്രതിരോധത്തില്‍ സംഭവിച്ച പിഴവാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. കൂട്ടത്തോടെയുള്ള ഇംഗ്ലീഷ് ആക്രമണം ചെറുക്കുന്നതില്‍ കാനറിക്കൂട്ടത്തിന്റെ പ്രതിരോധ ഭടന്‍മാര്‍ പരാജയപ്പെട്ടു.
കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തി. ബ്രസീല്‍ ടീമിനായിരുന്നു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 63,881 കാണികളില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ. എന്നാല്‍ സ്റ്റേഡിയത്തെ നിശബ്ദതയിലാക്കി പത്താം മിനുട്ടില്‍ തന്നെ ബ്രസീലിനെ ഇംഗ്ലീഷ് നിര ഞെട്ടിച്ചു. ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബ്രെസ്റ്റര്‍ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. ഫില്‍ ഫോഡന്‍, കല്ലും ഹഡ്‌സന്‍ ഒഡോയ്, ബ്രെസ്റ്റര്‍ എന്നിവരടങ്ങിയ ഇംഗ്ലീഷ് മുന്നേറ്റം ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ തിരിച്ചടിക്കാനുള്ള ശ്രമം ബ്രസീല്‍ ശക്തമാക്കിയതോടെ മത്സരം കടുത്തു. 21ാം മിനുട്ടില്‍ ബ്രസീല്‍ സമനില പിടിച്ചു. വെസ്ലിയായിരുന്നു സ്‌കോറര്‍. മത്സരം നെയ്‌തെടുക്കുന്ന ബ്രസീലിന്റെ സുന്ദരമായ കളി സെമിയില്‍ ഇംഗ്ലണ്ടിനെതിരേ കണ്ടില്ല. അതേസമയം മധ്യനിര കേന്ദ്രീകരിച്ചുള്ള കളിയില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചത് മത്സരത്തില്‍ പ്രകടമായ വ്യത്യാസം കാണിച്ചു. സമനില പിടിച്ച ബ്രസീലിന് 30ാം മിനുട്ടില്‍ ഗോളവസരം ലഭിച്ചെങ്കിലും ബ്രണ്ണന് മുതലാക്കാന്‍ സാധിച്ചില്ല. 39ാം മിനുട്ടില്‍ ബ്രെസ്റ്റര്‍ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. കളിയില്‍ ലീഡ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഇടവേളയ്ക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ഇരു പക്ഷവും ഇഞ്ചോടിഞ്ച് പൊരുതുന്ന കാഴ്ചയായിരുന്നു. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും അവസരം ഒരുക്കുന്നതിലും ഇരു പക്ഷവും തുല്ല്യത പാലിച്ചു. 77ാം മിനുട്ടില്‍ ബ്രെസ്റ്റര്‍ തന്റെ ഹാട്രിക്കിലൂടെ ടീമിന്റെ ഗോള്‍ പട്ടിക തികച്ചു. വലത് വിങിലൂടെ എമില്‍ സ്മിത്തിന്റെ മുന്നേറ്റം. വലത് കോര്‍ണറിന് സമീപത്ത് നിന്ന് എമിലിന്റെ ക്രോസ് നേരെ ബോക്‌സിനുള്ളില്‍ നിന്ന ബ്രെസ്റ്ററിലേക്ക്. പന്ത് മനോഹരമായി വലയിലാക്കി ഇംഗ്ലീഷ് വിജയം ആധികാരികമാക്കി ബ്രെസ്റ്റര്‍ കളിയിലെ താരമായി. ഇംഗ്ലണ്ട് നടാടെ കൗമാര ലോകകപ്പിന്റെ കലാശപ്പോരിലേക്ക്. 2015ലെ പോരാട്ടത്തില്‍ ക്വാര്‍ട്ടറില്‍ വീണ് പോയ ബ്രസീല്‍ ഇത്തവണ സെമിയില്‍ കീഴടങ്ങി.
മുംബൈ: ആഫ്രിക്കന്‍ കരുത്തുമായെത്തിയ മാലിയുടെ കളി മികവിനെ തകര്‍ത്ത് സ്‌പെയിന്‍ കന്നി ലോകകപ്പ് കിരീടത്തിനരികിലേക്ക് കൂടുതല്‍ അടുത്തു. മാലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സ്‌പെയിന്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ കലാശപ്പോരിന് അര്‍ഹത നേടിയത്. ഇരട്ട ഗോളുകളുമായി നായകനും സൂപ്പര്‍ താരവുമായ ആബേല്‍ റൂയിസ് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ സ്പാനിഷ് വിജയം അനായാസമായി. ശേഷിച്ച ഗോള്‍ ഫെറാന്‍ ടോറസും വലയിലാക്കി. മാലിയുടെ ആശ്വാസ ഗോള്‍ എന്‍ഡ്യായെ നേടി.
കളിയുടെ 19, 43 മിനുട്ടുകളിലാണ് റൂയീസ് വല ചലിപ്പിച്ചത്. ഫെറാന്‍ 71ാം മിനുട്ടില്‍ പട്ടിക പൂര്‍ത്തിയാക്കി. മാലിയുടെ ഏക മറുപടി ഗോള്‍ 74ാം മിനുട്ടിലായിരുന്നു. ഇരട്ട ഗോളുമായി ആബേല്‍ റൂയിസിന്റെ ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം നാലിലെത്തി. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാന്‍ യോഗമില്ലാതെ പോയ സ്‌പെയിന്‍ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മാലിയെ വീഴ്ത്തി നാലാം കൗമാര ലോകകപ്പിന്റെ ഫൈനലിനാണ് യോഗ്യത നേടിയത്. കന്നി കിരീടത്തിലേക്ക് സ്പാനിഷ് പടയ്ക്ക് ഒരു വിജയം മാത്രമാണ് ആവശ്യം.
സ്‌പെയിനും മാലിയും തമ്മിലുള്ള പോരാട്ടം ഏതാണ്ട് തുല്ല്യാവസ്ഥയിലാണ് മുന്നേറിയത്. ഇരു പക്ഷവും പന്തടക്കത്തില്‍ തുല്ല്യത പാലിച്ചു. ഗോള്‍ ശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തിയത് മാലിയായിരുന്നു. 29 തവണയാണ് അവര്‍ സ്പാനിഷ് പ്രതിരോധത്തെ പരീക്ഷിച്ചത്. അതേസമയം ലക്ഷ്യബോധമില്ലാത്ത ശ്രമങ്ങള്‍ അവര്‍ക്ക് വിനയായി മാറി. അതേസമയം പത്തോളം തവണ ശ്രമം നടത്തിയ സ്‌പെയിനാകട്ടെ അതില്‍ ഏഴെണ്ണം ലക്ഷ്യം വച്ച് തൊടുത്തപ്പോള്‍ മൂന്ന് ഗോളുകള്‍ പിറന്നു.
കളിയുടെ 19ാം മിനുട്ടില്‍ പെനല്‍റ്റിയുടെ രൂപത്തിലാണ് സ്‌പെയിനിന് വല ചലിപ്പിക്കാന്‍ അവസരം ലഭിച്ചത്. സ്‌പെയിനിന്റെ കുറിയ പാസുകളുമായുള്ള കളം നിറഞ്ഞ ടിക്കി- ടാക്ക കളി മാലിയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. എന്നിട്ടും അവര്‍ ഇടയ്ക്ക് തിരിച്ചടിക്കാനും ശ്രമം നടത്തി. മാലിയുടെ ശ്രമങ്ങളെ കൃത്യമായ പ്രതിരോധപ്പൂട്ടിട്ട് നിര്‍ത്താന്‍ സ്‌പെയിനിന് സാധിച്ചു. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് സ്‌പെയിന്‍ രണ്ടാം ഗോളും വലയിലാക്കി മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. ഗെലാബര്‍ട്ടിന്റെ പാസില്‍ നിന്ന് ലൂയീസ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ പട്ടികയും രണ്ടാക്കി ഉയര്‍ത്തി.
രണ്ടാം പകുതിയിലും സ്‌പെയിനിന്റെ കൈയില്‍ തന്നെയായിരുന്നു കളി. പോരാട്ടം പുരോഗമിക്കവേ മലിയുടെ ചീക്ക ഒമര്‍ നേടിയ ഗോള്‍, ലൈന്‍ കടന്നത് കൃത്യമായി കാണിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 71ാം മിനുട്ടില്‍ ഫെറാന്‍ സ്‌പെയിനിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. മൂന്ന് മിനുട്ടിനുള്ളില്‍ എന്‍ഡ്യായയിലൂടെ മാലി ആശ്വാസ ഗോള്‍ മടക്കി. ഒടുവില്‍ 3-1ന്റെ സുരക്ഷിത വിജയവുമായി സ്‌പെയിന്‍ ഫൈനലിലേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."