മാനന്തവാടി ഉപജില്ലാ കലാമേള 30 മുതല്‍ കല്ലോടിയില്‍
മാനന്തവാടി: ഈ വര്‍ഷത്തെ മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലാമേള കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30, 31 തിയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും നവംബര്‍ രണ്ടു മുതല്‍ നാലുവരെ സ്റ്റേജ് ഇന മത്സരങ്ങളും നടക്കും. 30ന് എല്‍.പി, യു.പി വിഭാഗം മത്സരങ്ങളും, 31ന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങളുമാണ് നടക്കുക. സ്റ്റേജ് ഇന മത്സരങ്ങള്‍ക്കായി 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 134 സ്കൂളുകളില്‍ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. യു.പി സ്കൂള്‍ അങ്കണം, പ്രിപ്രൈമറി അങ്കണം, ഹൈസ്കൂള്‍ മെയിന്‍ ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികള്‍. നവംബര്‍ രണ്ടിന് രാവിലെ 10ന് ഒ.ആര് കേളു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും.മേളയുടെ അവസാനദിനമായ നവംബര്‍ നാലിനുള്ള സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് മേള സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കള്‍ വേദികളില്‍ കൊണ്ടുവരരുതെന്ന് മേളയില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനു വേണ്ടി 75 അംഗ ഹരിത സൈന്യം വളണ്ടിയര്‍മാരുടെ സേവനവും മേളയില്‍ ഉണ്ടാകും. ഇതിനായി വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കും. മേളയുടെ സുഗമമായ നടത്തിപ്പിനായി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജെ.ആര്.സി, ആരോഗ്യ വകുപ്പ്, പൊലിസ്, കെ.എസ്.ആര്.ടി.സി, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടെ സേവനവും ഉണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ ഉഷാ വിജയന്, ജനറല്‍ കണ്‍വീനര്‍ എന്‍.പി മാര്ട്ടിന്, എം.സി ഡോളി, സി.വി ജോര്‍ജ്ജ്, ടോമി മാത്യു, പി.എ ഷാജു, നജീബ് മണ്ണാര്, ആഷാ മെജോ, ആമിന അവറാന്, മനു കുഴിവേലില്‍, വി.ടി സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."