കുട്ടികള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ അധ്യാപകര്‍ക്ക് ബോധവല്‍ക്കരണവുമായി ശിശു സംരക്ഷണ വിഭാഗം
മാനന്തവാടി: കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങളും ചൂഷണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ അധ്യാപകര്‍ക്ക് ബോധവക്കരണ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ.കെ പ്രജിത്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വിക്ടര്‍ ജോണ്‍സന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റ നേതൃത്വത്തിലാണ് പരിപാടി. ജില്ലയിലെ എല്ലാ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്കുതല പരിശീലനം നല്‍കും. വീടുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ കുട്ടികള്‍ക്ക് സംരക്ഷണം ലഭിക്കേണ്ട സ്ഥലങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ പലതരം ചൂഷണങ്ങള്‍ക്കിരയാകുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ അവബോധം അധ്യാപകര്‍ക്ക് ലഭിക്കുന്നതിലൂടെ ഇത്തരം കേസുകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും സഹായകരമാവുന്ന രീതിയിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്കിനു കീഴില്‍ വരുന്ന എല്ലാ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നു പ്രധാനധ്യാപകനും അതത് സ്‌കൂളുകളില്‍നിന്നു തിരഞ്ഞെട്ടുക്കുന്ന അധ്യാപകര്‍ക്കുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളില്‍ മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ നിര്‍വഹിക്കും. നവംബര്‍ രണ്ടിന് പനമരം ബ്ലോക്കിലും മൂന്നിന് കല്‍പ്പറ്റ ബ്ലോക്കിലും ഏഴിന് ബത്തേരി ബ്ലോക്കിലുമായി 200 അധ്യാപകര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."