വാഹനമിടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പാനൂര്‍: കുന്നോത്തുപറമ്പ് ചേരിക്കലില്‍ വാഹനമിടിച്ച് മര്‍ദിച്ച് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റു പ്രതികള്‍ ഒളിവില്‍. റജീനാ മന്‍സിലില്‍ സിയാദി(21)നെയാണ് പാനൂര്‍ സി.ഐ എം.കെ സജീവ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ഓടെ കുന്നോത്തുപറമ്പ് ചേരിക്കലില്‍ വച്ച് വീട്ടിലേക്ക് പോകവേ കാര്യാട്ടുപുറത്തെ സീതിന്റവളപ്പില്‍ ഷറഫുദ്ദീ(30)നെ വാഹനമിടിച്ച് മര്‍ദിച്ച ശേഷം ഒരു സംഘം കൈയിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ കവര്‍ന്നത്. ആറംഗ സംഘമാണ് പിന്നിലെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തായി ഈ സംഘം ഇത്തരത്തില്‍ പണം കവര്‍ന്നിട്ടുണ്ട്. പ്രധാന പ്രതി പിടിയിലായ വിവരമറിഞ്ഞ് മറ്റു പ്രതികള്‍ മുങ്ങുകയായിരുന്നു. പാറാട് നിന്നു ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ചേരിക്കലില്‍ വച്ചാണ് ഷറഫുദ്ദീനെ ബൈക്കിടിച്ച ശേഷം മുഖത്തും കണ്ണിനും പരുക്കേല്‍പിച്ച് പണം കൈക്കലാക്കിയത്. ഏതാനും ദിവസം മുമ്പ് പാനൂരിനടുത്ത പാറേമ്മലില്‍ വച്ചും കടവത്തൂരില്‍ വച്ചും വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."