ചെമ്പരിക്ക ഖാസി വധം: ദക്ഷിണ കന്നഡ ജില്ലയിലും പ്രതിഷേധം
മംഗളൂരു: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ദക്ഷിണ കന്നഡ ജില്ലയിലെ നൂറോളം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകളില്‍ ദക്ഷിണ കന്നഡ ജില്ലയിലും കനത്ത പ്രതിഷേധം.
സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നു സമൂഹം അന്നു തന്നെ ഒന്നടങ്കം പറഞ്ഞിട്ടും ഇതു മുഖവിലക്കെടുക്കാതെ ലോക്കല്‍ പൊലിസ് നടത്തിയ നീക്കമാണ് കേസ് മറ്റൊരു വഴിയിലേക്ക് തിരിയാന്‍ കാരണമായതെന്നും മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി മംഗളൂരു, ഉഡുപ്പി ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുന്‍ എം.എല്‍.സി കെ.എസ്.മുഹമ്മദ് മസൂദ് ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഹാജി എന്നിവര്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു ഘാതകരെ പിടികൂടാന്‍ തയാറാകണം. ഇനിയും അധികൃതര്‍ ഇക്കാര്യത്തില്‍ അലംഭാവം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ദക്ഷിണ കന്നഡ ജില്ലയിലും മറ്റും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകള്‍
അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം:
കീഴൂര്‍ സംയുക്ത ജമാഅത്ത്
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവി വധക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ഇനിയും അനാസ്ഥ കാണിക്കുകയാണെങ്കില്‍ സംയുക്ത ജമാഅത്തിനു കീഴിലുള്ള നാല്‍പതോളം മഹല്ലുകളിലെ ആളുകളെ സംഘടിപ്പിച്ചു ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ പ്രസിഡന്റ് ഡോ.എന്‍.എ മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ കെ. മൊയ്തീന്‍കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, ഷാഫി ഹാജി കട്ടക്കാല്‍, കെ.ബി.എം ശരീഫ് കാപ്പില്‍, അന്‍വര്‍ കോളിയെടുക്കം, ഹമീദ് കുണിയ, എം.എച്ച് മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഉദുമ, കെ.പി അബ്ബാസ്, റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: സമസ്ത
കാസര്‍കോട്: സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണം നടത്തി ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് സമസ്ത കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ത്വാഖ അഹ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."