ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ആറാഴ്ച്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ആറാഴ്ച്ചത്തേക്ക് മാറ്റി. കേസില്‍ പ്രതിയായ കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍.ശിവദാസന്റെ അഭിഭാഷകന്റ ആവശ്യം പരിഗണിച്ചാണ് നടപടി. സി.ബി.ഐ കൂടി കേസില്‍ കക്ഷിചേരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഇന്നലെയാണ് സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പിണറായിയെക്കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും അപ്പീലില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കേരളാ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്കും കേസില്‍ കൂട്ടുത്തരവാദിത്തമാണുള്ളത്. എസ്.എന്‍.സി ലാവ്‌ലിനുമായുള്ള കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം തീരുമാനമെടുക്കാനാവില്ല. അതിനാല്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മൂന്നുപേര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ ചെങ്കുളം പള്ളിവാസല്‍ പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി പിണറായി ഉണ്ടാക്കിയ 374 കോടിയുടെ കരാര്‍ സര്‍ക്കാരിനും വൈദ്യുത വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി നടപടി അനീതിയാണെന്നാണാണ് ശിവദാസന്റെയും കസ്തൂരിരംഗ അയ്യരുടെയും വാദം.
സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് താന്‍ നിവഹിച്ചത്. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍ എന്നിവരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താതെ വെറും ചീഫ് എന്‍ജിനീയര്‍ മാത്രമായ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 23നാണ് പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പ്രതികളെയെല്ലാം തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."